ബെയര്‍സ്‌റ്റോ മടങ്ങി; പകരക്കാരന്റെ പേര് പുറത്തുവിട്ട് ഭുവനേശ്വര്‍ കുമാര്‍

By Web TeamFirst Published Apr 24, 2019, 9:27 PM IST
Highlights

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 10 മത്സരങ്ങളില്‍ അഞ്ചിലും ഹൈദരാബാദ് ജയിച്ചു. ഇവയിലെല്ലാം ഓപ്പണിങ് ജോഡിയായ ജോണി ബെയര്‍സ്‌റ്റോ- ഡേവിഡ് വാര്‍ണര്‍ സഖ്യത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ഹൈദരാബാദ്: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 10 മത്സരങ്ങളില്‍ അഞ്ചിലും ഹൈദരാബാദ് ജയിച്ചു. ഇവയിലെല്ലാം ഓപ്പണിങ് ജോഡിയായ ജോണി ബെയര്‍സ്‌റ്റോ- ഡേവിഡ് വാര്‍ണര്‍ സഖ്യത്തിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. എന്നാല്‍ ലോകകപ്പ് പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ബെയര്‍‌സ്റ്റോ ഇംഗ്ലണ്ടിലേക്ക് മടങ്ങി. കനത്ത നഷ്ടമാണ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം.

എന്നാല്‍ പകരക്കാരന്‍ ടീമില്‍ തന്നെയുണ്ടെന്ന് നിയുക്ത ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ഓപ്പണിങ് റോളിലെത്തുക. വ്യക്തിപരമായ ആവശ്യമങ്ങള്‍ക്കായി ഇപ്പോള്‍ ന്യൂസിലന്‍ഡിലാണ് വില്യംസണ്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ വില്യംസണ്‍ തിരിച്ചെത്തും. മറ്റൊരു സാധ്യതകൂടി സണ്‍റൈസേഴ്‌സിനുണ്ട്. ന്യൂസിലന്‍ഡിന്റെ തന്നെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ടീമിലുള്ള മറ്റൊരു ഓപ്പണര്‍. ഓപ്പണിങ് ജോലിക്കായി ഗപ്റ്റലിനേയും നിയോഗിക്കാം.

രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഡേവിഡ് വാര്‍ണറും നാട്ടിലേക്ക് മടങ്ങും. അദ്ദേഹം പോകുന്നതിന് മുമ്പ് രണ്ട് മത്സരങ്ങളും വിജയിക്കണമെന്ന് ഭുവി വ്യക്തമാക്കി.

click me!