വാര്‍ണര്‍ റണ്‍ മെഷീനായത് വെറുതെയല്ല; ടീം രഹസ്യം വെളിപ്പെടുത്തി ലക്ഷ്‌മണ്‍

By Web TeamFirst Published May 1, 2019, 4:21 PM IST
Highlights

ഒരു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ വാര്‍ണര്‍ ബാറ്റിംഗ് വിരുന്നുകൊണ്ട് ടീമിനെയും ആരാധകരെയും വിരുന്നൂട്ടി. വാര്‍ണറുടെ ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.

ഹൈദരാബാദ്: ഐപിഎല്‍ 12-ാം എഡിഷനില്‍ ബാറ്റിംഗ് വിസ്‌മയമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ വാര്‍ണര്‍ ബാറ്റിംഗ് വിരുന്നുകൊണ്ട് ടീമിനെയും ആരാധകരെയും വിരുന്നൂട്ടി. വാര്‍ണറുടെ ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു.

സീസണില്‍ കുറഞ്ഞത് 500 റണ്‍സ് അടിച്ചുകൂട്ടാമെന്ന് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് പരിശീലകന് ഉറപ്പുനല്‍കിയിരുന്നു. വിവിഎസ് ലക്ഷ്‌മണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹൈദരാബാദില്‍ ഒരു ഷൂട്ടിങ്ങിനിടെ ടീം പരിശീലകന്‍ ടോം മൂഡിക്ക് വാര്‍ണര്‍ ഒരു സന്ദേശമയച്ചു. സീസണില്‍ 500 റണ്‍സടിക്കാം എന്നായിരുന്നു വാര്‍ണരുടെ മെസേജ്. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തില്‍ ലക്ഷ്‌മണ്‍ വെളിപ്പെടുത്തി. 

ഈ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച വാര്‍ണര്‍ 692 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം സ്ഥാനത്തുള്ള കെ എല്‍ രാഹുലിനെക്കാള്‍ 172 റണ്‍സ് അധികം. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. പന്ത്രണ്ടാം മത്സരത്തിന് ശേഷം ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഓസീസ് ടീമിനൊപ്പം ചേരാന്‍ വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങി. അവസാന മത്സരത്തില്‍ കിംഗ്‌സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്താണ് താരം ഐപിഎല്‍ 12-ാം സീസണ്‍ അവസാനിപ്പിച്ചത്. 

click me!