
ജയ്പുർ: ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുമ്പോള്‍ സഞ്ജു സാംസൺ ആരാധകർക്ക് നെഞ്ചിടിപ്പ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ആര്‍സിബിയുടെ മിന്നും സ്‌പിന്നര്‍ വനിന്ദു ഹസരങ്ക വീഴ്‌ത്തുമോ എന്നതാണ് ആകാംക്ഷയും ആശങ്കയും സൃഷ്ടിക്കുന്നത്. ഹസരങ്കയ്ക്കെതിരെ മോശം റെക്കോർഡുള്ള താരമാണ് സഞ്ജു.
ഈ സീസണലെ ഇരു ടീമുകളും തമ്മിലുള്ള ആദ്യ പോരാട്ടത്തിന് മുമ്പ് ശ്രീലങ്കൻ താരത്തിനെതിരെ ഏഴ് ഇന്നിംഗ്സുകളിലായി 34 പന്തുകള്‍ കളിച്ചിട്ടുള്ള സഞ്ജുവിന് 25 റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. പ്രഹരശേഷി 73.52 മാത്രവും ശരാശരിയാകട്ടെ 4.16 മാത്രവുമായിരുന്നു. കളിച്ച ഏഴ് ഇന്നിംഗ്സുകളില്‍ ആറ് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കക്കായി എന്നതും ശ്രദ്ധേയമായിരുന്നു. ഏത് ബൗളറെയും അനായാസം സിക്സിന് പറത്തുന്ന സഞ്ജുവിന് ഹസരങ്കക്കെതിരെ രണ്ട് സിക്സുകള്‍ മാത്രമാണ് നേടാനായിരുന്നത്.
എന്നാൽ, ഈ സീസണിലെ ആദ്യ മത്സരത്തിൽ ഹസരങ്കയ്ക്ക് മുന്നിൽ സഞ്ജു മതിൽ തീർത്തു. ഒമ്പത് പന്തിൽ 15 റൺസാണ് സഞ്ജു സ്കോർ ചെയ്തത്. ശ്രദ്ധയോടെങ്കിലും സമ്മർദ്ദം ഇല്ലാതെ ശ്രീലങ്കൻ താരത്തെ നേരിട്ട സഞ്ജു വിക്കറ്റ് പോകാതെ കാത്തു. ഒരു സിക്സും ഫോറും പായിക്കാനും താരത്തിന് സാധിച്ചു. അതേസമയം, ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകളെ നിർണയിക്കുന്ന രണ്ട് സുപ്രധാന മത്സരങ്ങൾ ഇന്ന് നടക്കും. മൂന്നരയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ ബാംഗ്ലൂരിനെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.
12 കളിയിൽ 12 പോയിന്റുമായി സഞ്ജു സാംസണിന്റെ രാജസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. 11 കളിയിൽ 10 പോയിന്റുള്ള ബാംഗ്ലൂര്‍ ആറാം സ്ഥാനത്തുമാണ്. വിജയിച്ചാൽ ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യതകൾ വർധിക്കും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയുടെ മൈതാനത്താണ് മത്സരം. ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആഗ്രഹിക്കുന്നത്. സാധ്യത നിലനിര്‍ത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം നേടിയേ മതിയാകൂ എന്ന നിലയിലാണ്. 12 കളിയിൽ 15 പോയിന്റുള്ള ചെന്നൈക്ക് ഇന്ന് ജയിച്ചാൽ പോയിന്റ് പട്ടികയിലും മുന്നിലെത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!