
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെങ്കിലും ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബിസിസിഐ. എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നത് വരെ ഐപിഎല്‍ പൂര്‍ത്തിയാവില്ലെന്ന് ഐപിഎല്‍ സിഒഒ ഹേമാംഗ് അമീന്‍ പറഞ്ഞു.
ഐപിഎല്‍ പൂര്‍ത്തിയാവുമ്പോള്‍ എല്ലാ കളിക്കാരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും സുരക്ഷിതരായി അവരുടെ വീടുകളില്‍ എത്തിക്കും. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ ആശങ്ക മനസിലാക്കുന്നു. എന്നാല്‍ നിങ്ങളെ ഓരോരുത്തരെയും സുരക്ഷിതരായി വീടുകളില്‍ എത്തിക്കുന്നതുവരെ ഇത്തവണത്തെ ഐപിഎല്‍ പൂര്‍ണമാവില്ല-ടീമുകള്‍ക്ക് അയച്ച കത്തില്‍ അമീന്‍ വ്യക്തമാക്കി.
ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ നാട്ടിലേക്ക് എങ്ങനെ തിരികെ പോകുമെന്നോര്‍ത്ത് നിങ്ങളില്‍ പലരും ആശങ്കാകുലരാണെന്ന് അറിയാം. നിലവിലെ സാഹചര്യത്തില്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നിങ്ങളോരോരുത്തരോടും പറയാനുള്ളത് ആശങ്കപ്പെടേണ്ടെന്നാണ്. നിങ്ങളെ ഓരോരുത്തരെയും അവരുടെ സ്ഥലങ്ങളില്‍ യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ എത്തിക്കാനുള്ള നടപടികള്‍ ബിസിസിഐ ചെയ്യും.
സ്ഥിതിഗതികള്‍ ബിസിസിഐ സൂക്ഷ്മമായി വിലിയിരുത്തുന്നുണ്ട്. ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ നിങ്ങളെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്കായി സര്‍ക്കാരുമായും നിരന്തരം സമ്പര്‍ക്കത്തിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ബയോ ബബ്ബിള്‍ സംവിധാനം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ പുറത്തു നിന്നുള്ള ഭക്ഷണം പാഴ്സലായി സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതും നിര്‍ത്തലാക്കി. കളിക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍ നിയന്ത്രണങ്ങളില്‍ എല്ലാ കളിക്കാരും സഹകരിക്കണമെന്നും അമീന്‍ കത്തില്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!