
ഡല്‍ഹി: ഐപിഎല്ലില്‍ കളിച്ച രണ്ട് കളികളിലും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പിന്‍മാറ്റം. വിവാഹിതാനാവാനായി നാട്ടിലേക്ക് മടങ്ങുന്ന ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഡല്‍ഹിയുടെ അടുത്ത ഏതാനും മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഡല്‍ഹി ബൗളിംഗ് പരിശീലകനായ ജെയിംസ് ഹോപ്സ് പറഞ്ഞു. ആദ്യ ജയം തേടി നാളെ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുന്ന ഡല്‍ഹിക്ക് മാര്‍ഷിന്‍റെ അസാന്നിധ്യം കനത്ത തിരിച്ചടിയാണ്. ലഖ്നൗവിനും ഗുജറാത്ത് ടൈറ്റന്‍സിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനില്‍ മാര്‍ഷ് കളിച്ചിരുന്നു.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്ന മാര്‍ഷിന് പക്ഷെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. ലഖ്നൗവിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ അതിവേഗ പന്തില്‍ മാര്‍ഷ് ഗോള്‍ഡന്‍ ഡക്കായി. രണ്ടാം മത്സരത്തിലാകട്ടെ നാലു പന്തില്‍ നാലു റണ്‍സെടുത്ത് മാര്‍ഷ് പുറത്തായി. ഓള്‍ റൗണ്ടറെന്ന നിലയില്‍ മാര്‍ഷിന്‍റെ സാന്നിധ്യം ഡല്‍ഹിക്ക് അനിവാര്യമാണ്. ഗുജറാത്തിനെതിരെ 3.1 ഓവറില്‍ 24 റണ്‍സ് വഴങ്ങിയ മാര്‍ഷ് ഒരു വിക്കറ്റെടുത്തിരുന്നു.
ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ചൊവ്വാഴ്ച മുംബൈ ഇന്ത്യന്‍സിനെയും 15ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയും ഡല്‍ഹി നേരിടും. മിച്ചല്‍ മാര്‍ഷിന്‍റെ അഭാവത്തില്‍ വിന്‍ഡീസ് താരം റൊവ്‌മാന്‍ പവലിന് നാളെ രാജസ്ഥാനെതിരെ ഡല്‍ഹി പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയേക്കുമെന്നാണ് കരുതുന്നത്. വിന്‍ഡീസിന്‍റെ ടി20 നായകന്‍ കൂടിയായ പവല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും നാളത്തെ മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൃഥ്വി ഷാ തന്നെ ഓപ്പണറാവാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ 12ഉം രണ്ടാം മത്സരത്തില്‍ ഏഴും റണ്‍സെടുത്ത് ഷാ പുറത്തായിരുന്നു. വാര്‍ണര്‍ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നതും ഡല്‍ഹിക്ക് തലവേദനയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!