
ചെന്നൈ: ചെപ്പോക്കിൽ ആർത്തുവിളിച്ച ആയിരങ്ങൾക്ക് മുന്നിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് വെന്നിക്കൊടി പാറിച്ചിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ മൂന്ന് റൺസിന്റെ വിജയമാണ് സഞ്ജുവും സംഘവും പേരിലാക്കിയത്. മത്സരത്തിന്‍റെ ആവേശം അവസാന പന്തിലേക്ക് നീണ്ടപ്പോള്‍ മൂന്ന് റണ്‍സിന്‍റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 176 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.
ചെന്നൈയുടെ തോൽവിക്ക് കാരണമായത് മൂന്ന് കാര്യങ്ങളാണ്. മുംബൈക്കെതിരെ ഫീൽഡിംഗിൽ മികച്ച് നിന്ന ചെന്നൈ ഇന്നലെ വളരെയധികം പിന്നോട്ട് പോയി. കൂടാതെ ചെന്നൈയുടെ എല്ലാമെല്ലാമറിയുന്ന ആർ അശ്വിനെ വിലയിരുത്തിയതിൽ ധോണിക്കും സംഘത്തിനും പിഴച്ചു. ചെന്നൈ തോൽക്കാനുള്ള ആദ്യ കാരണം അശ്വിൻ നൽകിയ ക്യാച്ച് താഴെയിട്ടതാണ്. പൂജ്യത്തിൽ നിൽക്കുമ്പോൾ ജഡേജയുടെ പന്തിൽ നൽകിയ അവസരം മോയിൻ അലിയാണ് പാഴാക്കിയത്.
പിന്നീട് റൺസ് കണ്ടെത്താൻ വിഷമിച്ച അശ്വിൻ നൽകിയ റൺഔട്ട് അവസരവും ചെന്നൈ മുതലാക്കിയില്ല. മോയിൻ അലിക്ക് തന്നെയാണ് ഇത്തവണയും പിഴച്ചത്. അലിയുടെ ത്രോ ചാടിവീണിട്ടും ധോണിക്ക് കിട്ടിയില്ല. റൺസ് എടുക്കാൻ ബുദ്ധിമുട്ടിയ അശ്വിനെ ക്രീസിൽ നിർത്താനുള്ള ചെന്നൈ തന്ത്രമായി ഒക്കെ ചില ആരാധകർ ഇതിനെ വിശേഷിപ്പിച്ചെങ്കിലും പിന്നീടും ഫോറും രണ്ട് സിക്സുമായി 22 പന്തിൽ 30 റൺസ് എടുത്താണ് അശ്വിൻ മടങ്ങിയത്. തോൽവിയുടെ മൂന്നാമത്തെ കാരണം ഡിആർഎസ് കൃത്യമായി എടുക്കാൻ സാധിച്ചില്ല എന്നുള്ളതാണ്.
ശിവം ദുബൈയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ അമ്പയർ ഔട്ട് വിധിച്ചു. റിവ്യൂ ചെയ്യാതെ ദുബൈ മടങ്ങി. പക്ഷേ റിപ്ലൈകളിൽ ദുബൈ ഔട്ട് ആയിരുന്നില്ലെന്ന് വ്യക്തമായി. അതേസമയം, മത്സരത്തിൽ സിഎസ്‌കെയ്‌ക്കായി ഡെവോൺ കോൺവെ(50) അർധ സെഞ്ചുറി നേടിയപ്പോൾ എം എസ് ധോണി(17 പന്തില്‍ 32*), രവീന്ദ്ര ജഡേജ(15 പന്തില്‍ 25*) എന്നിവരും തിളങ്ങി. രാജസ്ഥാനായി രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുകൾ വീതം നേടി. രാജസ്ഥാനായി അർധ സെഞ്ചുറിയോടെ ജോസ് ബട്‍ലർ(52) ഫോം തുടര്‍ന്നപ്പോള്‍ ദേവദത്ത് പടിക്കൽ(38), ഷിമ്രോന്‍ ഹെറ്റ്മെയർ(30) എന്നിവരും തിളങ്ങി. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തില്‍ പുറത്തായത് നിരാശയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!