ഐപിഎല്ലിന് വേദിയൊരുക്കാമെന്ന വാ​ഗ്ദാനവുമായി കൗണ്ടി ക്ലബ്ബുകൾ

By Web TeamFirst Published May 6, 2021, 7:28 PM IST
Highlights

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ അത് ലോകകപ്പിന് മികച്ച മുന്നൊരുക്കമാകുമെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങൾ നടത്താനാകുമെന്നും കൗണ്ടി ക്ലബ്ബുകൾ പറയുന്നു.

ലണ്ടൻ: കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വാ​ഗ്ദാനവുമായി  ഇം​ഗ്ലണ്ടിലെ കൗണ്ടി ക്ലബ്ബുകൾ രം​ഗത്ത്. ഈ വർഷം സെപ്റ്റംബറിൽ ഐപിഎൽ മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്നാണ് വിവിധ കൌണ്ടി ക്ലബ്ബുകൾ നിർദേശിച്ചിരിക്കുന്നത്.

കൗണ്ടി ക്ലബ്ബുകളുടെ ഹോം ​ഗ്രൗണ്ടുകളായ കിയാ ഓവൽ, എഡ്ജ്ബാസ്റ്റൺ, ഓൾഡ് ട്രാഫോർഡ്, എംസിസി എന്നിവക്ക് പുറമെ ലോർഡ്സ് ഹോം ​ഗ്രൗണ്ടായി ഉപയോ​ഗിക്കുന്ന ലങ്കാഷെയറും വാർവിക്ഷെയറും ചേർന്നാണ് ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഇത്തരമൊരു നിർദേശംവെച്ചത്. തങ്ങളുടെ നിർദേശം ബിസിസിഐയെ അറിയിക്കാനും ക്ലബ്ബുകൾ ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ അത് ലോകകപ്പിന് മികച്ച മുന്നൊരുക്കമാകുമെന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുതന്നെ മത്സരങ്ങൾ നടത്താനാകുമെന്നും കൗണ്ടി ക്ലബ്ബുകൾ പറയുന്നു.

കൊവിഡിന് ശമനമുണ്ടായാൽ സെപ്റ്റംബറിൽ ലീ​ഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!