നായകന് യോയോ ടെസ്റ്റില്‍ ഇളവുണ്ടോ? കോലിയോട് മോദി, 'ഫിറ്റ് ഇന്ത്യ ഡയലോഗി'ലെ സംഭാഷണം ഹിറ്റ്

By Web TeamFirst Published Sep 24, 2020, 3:20 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയേണ്ടിയിരുന്നത് ക്രിക്കറ്റില്‍ ഏറെ പറഞ്ഞുകേട്ടിട്ടുള്ള യോയോ ടെസ്റ്റിനെ പറ്റി, കോലിയോടുള്ള രസകരമായ ചോദ്യവും ഉത്തരവും. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഫിറ്റ് ഇന്ത്യ ഡയലോഗി'ല്‍ ശ്രദ്ധനേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുമായുള്ള സംഭാഷണം. എന്താണ് യോയോ ടെസ്റ്റ് എന്നും, ടീമിന്‍റെ നായകനെന്ന നിലയില്‍ കോലിക്ക് ഇതില്‍ ഇളവുണ്ടോ എന്നുമായിരുന്നു മോദിക്ക് അറിയേണ്ടിയിരുന്നത്. ചോദ്യത്തിന് സരസമായി കോലി മറുപടി നല്‍കുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്‌ച ഏറെനേരം നീണ്ടുനിന്നു. ഐപിഎല്ലിനിടെ യുഎഇയില്‍ നിന്നാണ് കോലി 'ഫിറ്റ് ഇന്ത്യ' ചലഞ്ചിന്‍റെ വാര്‍ഷികത്തില്‍ പങ്കെടുത്തത്.  

ശ്രദ്ധേയമായി മോദിയുടെ ചോദ്യം

'വിരാട് കോലി, എന്താണ് യോയോ ടെസ്റ്റ് എന്ന് പറഞ്ഞുതരുമോ, ക്യാപ്റ്റന് ഇതില്‍ എന്തെങ്കിലും ഇളവുകളുണ്ടോ?' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം. 

ഫിറ്റ്‌നസിനെ കുറിച്ച് വിവരിച്ച് കോലിയുടെ മറുപടി

ഈ ചോദ്യത്തോട് വിരാട് കോലിയുടെ മറുപടി ഇങ്ങനെ. 'ഒരിക്കലുമില്ല, യോയോ ടെസ്റ്റില്‍ നിന്ന് ആര്‍ക്കും ഇളവുകളില്ല. ഞാന്‍ പരിശീലനത്തിനും യോയോ ടെസ്റ്റിനും പോകാറുണ്ട്. യോയോ ടെസ്റ്റിനായി ആദ്യം മുന്നിട്ടിറങ്ങാനാണ് ഞാന്‍ ശ്രമിക്കാറ്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ എന്നെ ടീം സെലക്ഷന് പരിഗണിക്കില്ല. ഇങ്ങനെയൊരു പരീക്ഷയും മാനദണ്ഡവും അനിവാര്യമാണ്. താരങ്ങളുടെ ശാരീരികക്ഷമത പരിഗണിക്കുമ്പോള്‍ യോയോ ടെസ്റ്റ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. മറ്റ് ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ നമ്മുടെ താരങ്ങളുടെ ഫിറ്റ്‌നസ് ലെവല്‍ അല്‍പം താഴെയാണ്. അത് ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ക്രിക്കറ്റിനാവശ്യമായ പ്രാഥമിക ഗുണങ്ങളിലൊന്നാണ് ശാരീരികക്ഷമത. 

ടി20യും ഏകദിനവും ഒരു ദിവസം കൊണ്ട് അവസാനിക്കും. എന്നാല്‍ ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ച് ദിവസം വരെ കളിക്കണം. ഓരോ ദിവസവും മൈതാനത്തിറങ്ങുന്നു, അതുകഴിഞ്ഞ് വിശ്രമിക്കുന്നു, വീണ്ടും മത്സരത്തിനിറങ്ങുന്നു. ഇത് പരിഗണിക്കുമ്പോള്‍ ശാരീരികക്ഷമതയുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫിറ്റ്‌നസ് പ്രധാനപ്പെട്ടതാണ്. ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച പേസ് ബൗളിംഗ് സംഘമായ ടീം ഇന്ത്യയിലെ താരങ്ങള്‍ക്ക് രണ്ടും മൂന്നും നാലും ദിവസങ്ങളിലും പൂര്‍ണ മേല്‍ക്കോയ്‌മയോടെ പന്തെറിയാനാകണം. അല്ലെങ്കില്‍ സന്ദര്‍ഭം പ്രയോജനപ്പെടുത്തി എതിര്‍ ടീം വിജയം തട്ടിയെടുക്കും' എന്നും കോലി മറുപടിയില്‍ പറഞ്ഞു . 

ആരോഗ്യസംരക്ഷണത്തിനായുള്ള 'ഫിറ്റ് ഇന്ത്യ' ചലഞ്ചിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി വിവിധ മേഖലകളിലെ മികവ് തെളിയിച്ചവരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സിനിമാ താരം മിലിന്ദ് സോമന്‍, അഷ്ഫാന്‍ ആഷിഖ് തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്തു.

എന്താണ് ഈ യോയോ ടെസ്റ്റ്?

ഇത്തിരി കടുപ്പമാണ് പരിപാടി. ഇരുപത് മീറ്റർ അകലത്തില്‍ രണ്ടു സെറ്റ് മാർക്കർ കോണുകൾ വെച്ചിട്ടുണ്ടാകും. ബീപ്പ് ശബ്ദം കേട്ടാലുടൻ കായികതാരം ഒരു കോണിൽ നിന്ന് പുറപ്പെട്ട്, ഇരുപതു മീറ്റർ ഓടിത്തീർത്ത്, രണ്ടാമത്തെ ബീപ്പിനു മുമ്പായി അടുത്ത മാർക്കർ കോണിനടുത്ത് എത്തണം, അവിടെ നിന്ന് പുറപ്പെട്ട്, മൂന്നാമത്തെ ബീപ്പിനുള്ളിൽ തിരികെ പുറപ്പെട്ടിടത്തു തന്നെ തിരികെ എത്തുകയും വേണം. ഈ ഓട്ടപ്പാച്ചിൽ പിന്നെ അവർത്തിക്കപ്പെടുകയായി. ബീപ്പുകൾക്കിടയിലെ സമയം പോകെപ്പോകെ കുറഞ്ഞു വരും. അതായത് ബീപ്പുകളുടെ ഫ്രീക്വൻസി അഥവാ ആവൃത്തി കൂടിവരും. ഒരു മാർക്കർ കോണിൽ നിന്ന് ഓടി അപ്പുറം ചെന്ന്, അവിടെ നിന്ന് തിരിച്ചോടി വന്നിടത്തു തന്നെ എത്തുമ്പോഴാണ് അതിനെ ഒരു ട്രിപ്പ് എന്ന് വിളിക്കുക. രണ്ടു ട്രിപ്പുകൾക്കിടയിൽ ഏഴു സെക്കൻഡ് ഇടവേളയുണ്ടാകും.

കായിക താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ശാസ്‌ത്രീയ മാര്‍ഗങ്ങളിലൊന്നാണ് യോയോ ടെസ്റ്റ്. ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് ബിസിസിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 16.1 പോയന്റുകളാണ് ടെസ്റ്റ് പാസാകാൻ നേടേണ്ടത്. യുവന്‍റസ് ഫുട്ബോള്‍ ടീമിന്‍റെ സഹ പരിശീലകനായിരുന്ന ജെന്‍സ് ബാന്‍ഗ്‌സ്‌ബോയാണ് യോയോ ടെസ്റ്റ് എന്ന ശാരീരികക്ഷമത വിശകലനരീതിയുടെ ശില്‍പി. ടീം ഇന്ത്യയുടെ പരിശീലകനായിരിക്കേ അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ യോയോ ടെസ്റ്റ് അവതരിപ്പിച്ചത്. 

യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയ ഏക ക്രിക്കറ്റ് ബോര്‍ഡ് അല്ല ബിസിസിഐ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും യോയോ ടെസ്റ്റിലൂടെയാണ് താരങ്ങളെ ടീമിലേക്ക് പ്രവേശിപ്പിക്കുന്നത്. യുവ്‌രാജ് സിംഗ്, സുരേഷ് റെയ്‌ന, വാഷിംഗ്‌ടണ്‍ സുന്ദര്‍ തുടങ്ങി നിരവധി ഇന്ത്യന്‍ താരങ്ങള്‍ യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. 

click me!