
ദുബായ്: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്നിലും അവര്‍ക്ക് പരാജയമായിരുന്നു ഫലം. മോശം പ്രകടിനത്തിനിടെ ടീമിനെതിരെ കടുത്ത ആരോപണവും ഉയര്‍ന്നു. ടീം മാനേജ്‌മെന്റ് കര്‍ണാടക താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നാണ് പ്രധാന ആരോപണം. കര്‍ണാടകക്കാരായ കോച്ച് അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും അവരുടെ പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നുവെന്നാണ് ആരോപണം. ഫോമിലല്ലാത്ത കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം എന്നിവരെ വീണ്ടും വീണ്ടും കളിപ്പിക്കുന്നുവെന്ന് ആരാധകര്‍ ആരോപിക്കുന്നു.
ഇതിനിടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ടീം മാനേജ്‌മെന്റിനെതിരെ രംഗത്തെത്തി. എന്തുകൊണ്ട് അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്നര്‍ മുജീബ് റഹ്മാനെ കളിപ്പിക്കുന്നില്ലെന്നാണ് ചോപ്രയുടെ ചോദ്യം. ''മുജീബിനെ പോലെ ഒരു താരത്തെ കളിപ്പിക്കാതിരിക്കുന്നത് ശരിയല്ല. ഇത്തരത്തിലൊരു താരം ടീമിലുണ്ടായിട്ടും ഉപയോഗിക്കാത്ത ഏക ടീം പഞ്ചാബായിരിക്കും. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നും മനസിലാകുന്നില്ല.
അദ്ദേഹത്തെ കളിപ്പിക്കുന്നത് അബദ്ധമാണ്. പവര്‍ പ്ലേയിലോ, ഡെത്ത് ഓവറിലോ അദ്ദേഹം ബൗള്‍ ചെയ്യുന്നില്ല. മികച്ച ഫിനിഷറോ, ആദ്യ നാലോ, അഞ്ചോ സ്ഥാനത്ത് കളിപ്പിക്കാന്‍ സാധിക്കുന്ന ബാറ്റ്സ്മാനോ അല്ല. അപ്പോള്‍ പിന്നെ എന്തിനാണ് താരം ടീമില്‍? മാച്ച് വിന്നറല്ലാത്ത ഒരു താരത്തെയാണ് നിങ്ങള്‍ കളിപ്പിക്കുന്നത്.'' ചോപ്ര പറഞ്ഞു.
രാഹുലിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും ചോപ്ര സംസാരിച്ചു. ഷെല്‍ഡണ്‍ കോട്ട്രലിന്റെ ക്വാട്ട ആദ്യ പതിനഞ്ച് ഓവറിനിടെ തന്നെ തീര്‍ക്കാന്‍ പാടില്ലായിരുന്നു. ഡെത്ത് ഓവറിലേക്ക് കോട്ട്രലിനെ ബാക്കിവെക്കണമായിരുന്നു. ഇല്ലെങ്കില്‍ മുഹമ്മദ് ഷമിക്കൊപ്പം ആരെക്കൊണ്ട് ഡെത്ത് ഓവറുകള്‍ ചെയ്യിക്കും? ഈ രീതി ശരിയല്ല.'' ചോപ്ര പറഞ്ഞുനിര്‍ത്തി.
മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബിന്റെ അവസാന ഓവര്‍ എറിഞ്ഞത് ഗൗതം ആയിരുന്നു. അവസാന ഓവറില്‍ മാത്രം നാല് സിക്‌സ് ഉള്‍പ്പെടെ 25 റണ്‍സാണ് പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!