
മൊഹാലി: ഐപിഎല്ലില്‍ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അനുകുല്‍ റോയിയയുടെ വിക്കറ്റെടുത്തശേഷം യുവാതാരത്തെ രൂക്ഷമായി നോക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കി പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ്. മത്സരത്തില്‍ തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മന്‍ദീപ് സിംഗിനെ പുറത്താക്കിയശേഷം ഓവറിലെ അവസാന പന്തിലാണ് അര്‍ഷ്ദീപ് അനുകുല്‍ റോയിയയുടെ വിക്കറ്റുമെടുത്ത് കൊല്‍ക്കത്തക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. എന്നാല്‍ മന്‍ദീപ് സിംഗിന്‍റെ വിക്കറ്റെടുത്തശേഷമുള്ള ആഘോഷമായിരുന്നില്ല മന്‍ദീപ് അനുകുലിനെതിരെ നടത്തിയത്. അനുകുലിനെ പുറത്താക്കിയശേഷമുള്ള അർഷ്‍ദീപിന്‍റെ നോട്ടം ആരാധകർ ചർച്ചയാക്കുന്നതിനിടെയാണ് അതിന് പിന്നിലെ യഥാര്‍ത്ഥ കാരണം അര്‍ഷ്ദീപ് തുറന്നു പറഞ്ഞത്.
അവനും ഞാനും അണ്ടര്‍ 19 ക്രിക്കറ്റിലെ ഒരേ ബാച്ചുകാരാണ്. അവന്‍ ക്രീസിലെത്തിയപാടെ എന്നെ ബൗണ്ടറി അടിച്ചു. അവന്‍ അക്രമണോത്സുകത കാട്ടിയപ്പോള്‍ അവന്‍റെ വിക്കറ്റെടുത്തപ്പോള്‍ ഞാനും എന്‍റെ അക്രമണോത്സുകത പുറത്തെടുത്തു എന്നേയുള്ളു. ഞാന്‍ യോര്‍ക്കര്‍ എറിയുമെന്നാണ് ആളുകള്‍ പ്രതീക്ഷിക്കാറുള്ളത്. പക്ഷെ, അങ്ങനെ കരുതുന്നവരെ ഒന്ന് അമ്പരപ്പിക്കാമെന്ന് കരുതിയാണ് ബൗണ്‍സറുകള്‍ എറിഞ്ഞതെന്നും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം അര്‍ഷ്ദീപ് പറഞ്ഞു. മൂന്ന് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അർഷ്‍ദീപ് നേടിയത്. ആദ്യ ഓവറിലെ രണ്ട് വിക്കറ്റിന് പുറമെ 16-ാം ഓവറിൽ വെങ്കിടേഷ് അയ്യറുടെ സുപ്രധാന വിക്കറ്റും നേടിയാണ് അർഷ്‍ദീപ് കളിയിലെ താരമായത്.
അതേസമയം, മത്സരത്തില്‍ മറ്റ് രണ്ട് വിക്കറ്റും നേടിയപ്പോഴുള്ള അർഷ്‍ദീപിന്‍റെ ആഘോഷത്തിന്‍റെ സ്റ്റൈലും ചർച്ചയായിരുന്നു. വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് വീണപ്പോൾ ഇരുകൈകളിലെ വിരലുകളും ചേർത്ത് ചുംബിച്ച് കൊണ്ട് കൈ വായുവിലേക്ക് വിടർത്തി പാകിസ്ഥാൻ സ്റ്റാർ പേർ ഷഹീൻ അഫ്രീദിയുടെ ആഘോഷം അർഷ്ദീപ് അനുകരിച്ചിരുന്നു. മുമ്പ് ഇന്ത്യന്‍ പേസര്‍ സഹീർ ഖാനും സമാനമായ വിക്കറ്റ് ആഘോഷം നടത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!