
ജയ്പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ത്രില്ലര്‍ പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമാണേറ്റത്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മ എറിഞ്ഞ പന്തില്‍ അബ്ദുള്‍ സമദ് പുറത്തായെങ്കിലും അവസാന പന്ത് നോ ബോളായതോടെ വീണ്ടും എറിയേണ്ടിവന്നു. വീണ്ടുമെറിഞ്ഞ പന്തില്‍ അബ്ദുള്‍ സമദ് സിക്സ് പറത്തി ഹൈദരാബാദിന് അവിശ്വസനീയ ജയം സമ്മാനിക്കുകയും ചെയ്തു.
ജയിച്ചുവെന്ന് ഉറപ്പിച്ച മത്സരം തോറ്റതിന്‍റെ നിരാശ മത്സരശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ പ്രതികരണത്തിലും വ്യക്തമായിരുന്നു. തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും ഐപിഎല്‍ മത്സരങ്ങളില്‍ അവസാന പന്തുവരെ ജയിച്ചുവെന്ന് ഒരു ടീമിനും ഉറപ്പിക്കാനാവില്ലെന്നതിന്‍റെ തെളിവാണിതെന്ന് സഞ്ജു മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇങ്ങനെയാണ്. ഇതുപോലെയുള്ള മത്സരങ്ങളാണ് ഐപിഎല്ലിലെ സ്പെഷലാക്കുന്നത്. കളിയുടെ ഒരു ഘട്ടത്തിലും ജയിച്ചുവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മ അവസാന ഓവര്‍ ഉജ്ജ്വലമായി എറിഞ്ഞിരുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തവണയും സന്ദീപിനെ പന്തേല്‍പ്പിച്ചത്. അവസാന പന്തിലെ ആ നോ ബോളാണ് മത്സരം ഞങ്ങളുടെ കൈയില്‍ നിന്ന് നഷ്ടമാക്കിയത്. ജയിച്ചുവെന്നറിഞ്ഞശേഷം നോ ബോളായ പന്ത് വീണ്ടും എറിയേണ്ടിവന്നത് സന്ദീപിനെയും ബാധിച്ചിരിക്കാം. നോ ബോളാണെന്ന് അറിഞ്ഞപ്പോള്‍ എന്തുതോന്നിയെന്ന ചോദ്യത്തിന് ഒന്നും തോന്നിയില്ലെന്നും നോ ബോളായതിനാല്‍ വീണ്ടും എറിയുക എന്നത് മാത്രമെ ചെയ്യാനുള്ളുവെന്നും സഞ്ജു പറഞ്ഞു.
അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ല. രാജസ്ഥാന്‍ റോയല്‍സ് നേടിയ ടോട്ടലില്‍ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ജയിച്ചിരുന്നെങ്കില്‍ സംതൃപ്തനാവുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകൂടി റണ്‍സ് നേടാമായിരുന്നില്ലെ എന്ന ചോദ്യത്തിന് ചോദ്യം കൊള്ളാ, പക്ഷെ എനിക്കറിയില്ല, എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി. സഞ്ജുവിന്‍റെ പൊടുന്നനെയുള്ള മറുപടി പ്രതീക്ഷിക്കാതിരുന്ന അവതാരകന്‍ ഒരു സെക്കന്‍ഡ് നിശബ്ദതക്കുശേഷം അടുത്ത ചോദ്യത്തിലേക്ക് കടന്നു.
ഡെത്ത് ബൗളിംഗ്, ടീം കോംബിനേഷന്‍, തന്ത്രം പിഴച്ച് സഞ്ജു; രാജസ്ഥാന്‍റെ തോല്‍വിക്കുള്ള കാരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!