2020 അവസാനിക്കുന്നതിന് മുമ്പ് അവന്‍ ഇന്ത്യന്‍ ടീമിലെത്തും; സൂപ്പര്‍ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര

By Web TeamFirst Published Oct 12, 2020, 6:13 PM IST
Highlights

ഡൽഹി കാപിറ്റൽസിനെതിരായ പ്രകടനത്തിന് ശേഷം താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിലൊരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് മുംബൈ ഇന്ത്യന്‍ താരം  സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 233 റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സൂര്യകുമാര്‍. 155.33 സ്‌ട്രൈക്ക് റേറ്റ്. രാജസ്ഥാനെതിരെ പുറത്താവാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മുമ്പ് ആഭ്യന്തര സീസണിലും ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. 

ഡൽഹി കാപിറ്റൽസിനെതിരായ പ്രകടനത്തിന് ശേഷം താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിലൊരാളായിരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ''സൂര്യ കുമാര്‍ യാദവെന്ന താരത്തിന്റെ പേര് ഓര്‍ത്തുവെക്കുന്നത് നല്ലതായിരിക്കും.'' എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റില്‍ ബിസിസിഐയേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ടായിരുന്നു. 

ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2020 അവസാനിക്കുന്നതിന് മുമ്പ് സൂര്യകുമാര്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുമെന്നാണ് ചോപ്ര പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഞാന്‍ പറയുന്നു 2020 അവസാനിക്കും മുമ്പ് യാദവ് ഇന്ത്യന്‍ ടീമില്‍ ഇടം നേടും, ഇന്ത്യന്‍ ടീമിനായി യാദവ് മത്സരങ്ങള്‍ കളിക്കുമെന്നും എനിക്ക് തോന്നുന്നു, യാദവിന്റെ കാര്യത്തില്‍ എന്റെ ഹൃദയത്തിനുള്ളില്‍ നിന്നാണ് ഈ വാക്കുകള്‍ വരുന്നത്, അത് നടക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിക്കെതിരെ മത്സരം മുംബൈക്ക് അനുകൂലമാക്കിയത് സൂര്യകുമാറിന്റെ പ്രകടനമാണ്. റബാദയ്‌ക്കെതിരെ നേടിയ സിക്‌സ് മനോഹരമായിരുന്നു. '' ചോപ്ര പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തില്‍ 32 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. 92 ഐപിഎല്ലില്‍ നിന്നായി 9 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1777 റണ്‍സ് സൂര്യകുമാറിന്റെ പേരിലുണ്ട്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 5326 റണ്‍സും 93 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2447 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

click me!