Latest Videos

ആദ്യ ഐപിഎല്ലില്‍ ബുമ്രയേയും പാണ്ഡ്യയേക്കാളും കേമന്‍; പടിക്കലിനെ പുകഴ്‌ത്തി പരിശീലകന്‍

By Web TeamFirst Published Nov 9, 2020, 1:58 PM IST
Highlights

ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു പടിക്കല്‍

ബാംഗ്ലൂര്‍: ഐപിഎല്‍ പതിമൂന്നാം സീസണിന്‍റെ കണ്ടെത്തലുകളില്‍ ഒന്നാണ് റോയല്‍ ചല‍ഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ മലയാളി ഓപ്പണര്‍ ദേവ്‌ദത്ത് പടിക്കല്‍. ആദ്യ സീസണ്‍ കൊണ്ടുതന്നെ സെന്‍സേഷനാകാന്‍ പടിക്കലിനായി. ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു പടിക്കല്‍. പടിക്കലിന്‍റെ ആദ്യ സീസണ്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പല വിസ്‌മയ താരങ്ങളേക്കാളും മുകളിലാണ് എന്ന് പറയുന്നു ക്രിക്കറ്റ് പരിശീലകന്‍ ജി കെ അനില്‍ കുമാര്‍.

'പാണ്ഡ്യയും ബുമ്രയും ഒന്നുരണ്ട് വര്‍ഷങ്ങളെടുത്തു ചുവടുറപ്പിക്കാന്‍. എന്നാല്‍ ആദ്യ ഐപിഎല്ലില്‍ തന്നെ പടിക്കലുണ്ടാക്കിയ പ്രതിഫലനം വലുതാണ്. ഐപിഎല്ലില്‍ ആദ്യമായി കളിക്കുന്ന പേരെടുത്ത അന്താരാഷ്‌ട്ര താരങ്ങള്‍ക്ക് പോലും അതത്ര എളുപ്പമല്ല. ആദ്യ സീസണില്‍ തന്നെ അഞ്ച് അര്‍ധ സെഞ്ചുറികള്‍ പടിക്കല്‍ പേരിലാക്കി. ഇതില്‍ മൂന്നെണ്ണം നാല് മത്സരത്തിനിടെയായിരുന്നു. പടിക്കലിന് ഭാവിയില്‍ എന്ത് ചെയ്യാനാകും എന്നതിന്‍റെ തെളിവാണ് ഈ പ്രകടനം. ബുമ്രയും പാണ്ഡ്യയുമുള്ള ഉയരങ്ങളിലെത്താന്‍ പടിക്കലിന് കഴിയും, ഐപിഎല്‍ മികവോടെ ഉയരങ്ങള്‍ കീഴടക്കും'. 

കഠിന പരിശീലനം തുണ 

'സാഹചര്യം തിരിച്ചറിയാനുള്ള കഴിവാണ് പടിക്കലിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. സമ്മര്‍ദഘട്ടങ്ങളില്‍ കളിക്കാന്‍ ഇഷ്‌ടപ്പെടുന്ന, ശാന്തതയോടെ കളിച്ച് മികവ് കാട്ടുന്ന താരം. കര്‍ണാടക ടീമിലെത്തുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ള വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, കൃഷ്‌ണപ്പ ഗൗതം എന്നിവരെയൊക്കെ നേരിടണം. എന്നാല്‍ വളരെ അനായാസമായിരുന്നു പടിക്കലിന്‍റെ ബാറ്റിംഗ്. പടിക്കലിന്‍റെ ബാറ്റ് സ്‌പീഡ് മികച്ചതാണ്. പ്രതിഭാധനനായ താരമാണ് പടിക്കലെന്ന് ഇത് തെളിയിക്കുന്നു. കഠിനമായ പരിശീലനത്തിലൂടെയാണ് ഇത് നേടിയെടുത്ത്. മറ്റ് താരങ്ങള്‍ മൈതാനം വിട്ടാലും പടിക്കല്‍ പരിശീലനം തുടരും' എന്നും അണ്ടര്‍ 19 പരിശീലകനായിരുന്ന ജി കെ അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ ആര്‍സിബിയുടെ നെടുംതൂണുകളില്‍ ഒരാളായിരുന്നു 20 വയസ് മാത്രമുള്ള ദേവ്‌ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക്കായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് ദേവ്‌ദത്ത് ശ്രദ്ധിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലൂടെ 2018/19 സീസണിലായിരുന്നു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. 2019/20 സീസണില്‍ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലും ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. വിജയ് ഹസാരെയില്‍ 11 മത്സരങ്ങളില്‍ 609 റണ്‍സ് നേടി. ടി20 പരമ്പരയില്‍ 175.75 സ്‌ട്രൈക്ക് റേറ്റില്‍ 580 റണ്‍സടിച്ചു. 

യോര്‍ക്കര്‍ നടരാജനെ ടി20 ടീമിലെടുക്കൂ, ആവശ്യവുമായി ആരാധകര്‍; പ്രശംസിച്ച് മുന്‍താരങ്ങളും

Powered by 

click me!