സീസണിലെ കണ്ടെത്തലായി ദേവ്‌ദത്ത്; മാറ്റ് കൂട്ടി ഐപിഎല്ലിലെ അപൂര്‍വ നേട്ടവും

By Web TeamFirst Published Nov 7, 2020, 8:29 AM IST
Highlights

ഈ സീസണിലെ കണ്ടെത്തലാണ് മലയാളിതാരം ദേവ്ദത്ത് പടിക്കൽ. അരങ്ങേറ്റ സീസണിൽ 15 കളിയിൽ 473 റൺസാണ് ദേവ്ദത്ത് നേടിയത്. 

അബുദാബി: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഫൈനലിൽ എത്താതെ പുറത്തായെങ്കിലും ഈ സീസണിലെ കണ്ടെത്തലാണ് മലയാളിതാരം ദേവ്ദത്ത് പടിക്കൽ. അരങ്ങേറ്റ സീസണിൽ 15 കളിയിൽ 473 റൺസാണ് ദേവ്ദത്ത് നേടിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു അൺകാപ്പ്ഡ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബാറ്റിംഗ് പ്രകടനമാണിത്. എന്നാല്‍ സണ്‍റൈസേഴ്‌സിനെതിരെ എലിമിനേറ്ററില്‍ ഒരു റണ്ണേ നേടാനായുള്ളൂ. 

സൂര്യകുമാര്‍ യാദവ്(512), ഇഷാന്‍ കിഷന്‍(483), ദേവ്‌ദത്ത് പടിക്കല്‍(473), പോള്‍ വാല്‍ത്താട്ടി(463) എന്നിങ്ങനെയാണ് പട്ടിക.

ഈ സീസണിലെ റണ്‍വേട്ടയില്‍ ആറാം സ്ഥാനത്താണ് ദേവ്‌ദത്ത് പടിക്കല്‍. കെ എല്‍ രാഹുല്‍(670), ഡേവിഡ് വാര്‍ണര്‍(546), ശിഖര്‍ ധവാന്‍(525), ഇഷാന്‍ കിഷന്‍(483). ക്വിന്‍റണ്‍ ഡികോക്ക്(483) എന്നിവരാണ് മുന്നില്‍. സീസണില്‍ ബാംഗ്ലൂരിനായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ചത് ഓപ്പണറായ ദേവ്‌ദത്താണ്. അഞ്ച് അര്‍ധ സെഞ്ചുറി പിറന്നപ്പോള്‍ 74 ആണ് ഉയര്‍ന്ന സ്‌കോര്‍. 51 ഫോറും എട്ട് സിക്‌സും താരത്തിന്‍റെ പേരിലുണ്ട്.  

എലിമിനേറ്ററിൽ ഹൈദരാബാദ് ആറ് വിക്കറ്റിന് ബാംഗ്ലൂരിനെ തോൽപിച്ചു. ബാംഗ്ലൂരിന്റെ 131 റൺസ് ഹൈദരാബാദ് രണ്ട് പന്ത് ശേഷിക്കേ മറികടന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ വില്യംസൺ 44 പന്തിൽ പുറത്താകാതെ 50 റണ്‍സുമായി സണ്‍റൈസേഴ്‌സിനെ ജയിപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റിനൊപ്പം 20 പന്തില്‍ 24* റണ്‍സെടുത്ത് ഓള്‍റൗണ്ട് പ്രകടനവുമായി ജാസന്‍ ഹോള്‍ഡറും നിര്‍ണായകമായി. ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ നാളെ ഡൽഹിയെ നേരിടും. 

Powered by 

click me!