ആ പേര് ഓര്‍മ വേണം; മുംബൈ ഇന്ത്യന്‍സ് താരത്തെ പുകഴ്ത്തി ഗൗതം ഗംഭീര്‍

By Web TeamFirst Published Oct 12, 2020, 4:29 PM IST
Highlights

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തില്‍ 32 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്.

 അബുദാബി: 30 വയസ് പൂര്‍ത്തിയായി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിന്. ആഭ്യന്തര ക്രിക്കറ്റ് ലീഗിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ഒരിക്കല്‍പോലും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിയാന്‍ സൂര്യകുമാറിന് സാധിച്ചിട്ടില്ല. പലപ്പോഴും താരത്തിന്റെ പേര് ദേശീയ ടീമിലേക്ക് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും തഴയപ്പെടുകയാണ് ചെയ്തത്.  ഇത്തവണയും ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് താരം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തില്‍ 32 പന്തില്‍ ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 53 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്.

പ്രകടനത്തിന് ശേഷം നിരവധി പേര്‍ താരത്തിന് ആശംസയുമായെത്തിയിരുന്നു. അതിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ''സൂര്യ കുമാര്‍ യാദവെന്ന താരത്തിന്റെ പേര് ഓര്‍ത്തുവെക്കുന്നത് നല്ലതായിരിക്കും.'' എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചിട്ടത്. ട്വീറ്റില്‍ ബിസിസിഐയേയും മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ലോവര്‍ ഓര്‍ഡറിലായിരുന്നു സൂര്യകുമാര്‍ ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ബാറ്റിങ് കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയത് വഴിത്തിരിവായി. 

ഈ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ 233 റണ്‍സ് നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് സൂര്യകുമാര്‍. 155.33 സ്‌ട്രൈക്ക് റേറ്റ്. രാജസ്ഥാനെതിരെ പുറത്താവാതെ നേടിയ 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

92 ഐപിഎല്ലില്‍ നിന്നായി 9 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1777 റണ്‍സ് സൂര്യകുമാറിന്റെ പേരിലുണ്ട്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 5326 റണ്‍സും 93 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2447 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 

Powered by

 

click me!