ശ്രദ്ധയോടെ വാട്‌സണ്‍- ഗെയ്കവാദ് സഖ്യം; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ തിരിച്ചടിക്കുന്നു

By Web TeamFirst Published Oct 29, 2020, 9:48 PM IST
Highlights

ഓപ്പണര്‍ നിതീഷ് റാണയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു.

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട തുടക്കം. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ 6 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 44 റണ്‍സെടുത്തിട്ടുണ്ട്. റിതുരാജ് ഗെയ്കവാദ് (26), ഷെയ്ന്‍ വാട്‌സണ്‍ (13) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

ഓപ്പണര്‍ നിതീഷ് റാണയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 61 പന്തില്‍ 87 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്ന് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സടിച്ചു. എന്നാല്‍ പവര്‍ പ്ലേക്ക് പിന്നാലെ സ്പിന്നര്‍മാരെ കൊണ്ടുവന്ന ധോണിയുടെ തന്ത്രം ഫലിച്ചു. കൊല്‍ക്കത്തയുടെ സ്‌കോറിംഗ് നിരക്ക് ജഡേജയും കാണ്‍ ശര്‍മയും പിടിച്ചു നിര്‍ത്തി.

എട്ടാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ(17 പന്തില്‍ 26) ക്ലീന്‍ ബൗള്‍ഡാക്കി കാണ്‍ ശര്‍മ കൊല്‍ക്കത്തക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. കാണ്‍ ശര്‍മയെ സിക്‌സടിച്ച് സുനില്‍ നരെയ്ന്‍ തുടങ്ങിയെങ്കിലും വലിയ ആയുസുണ്ടായില്ല. സാന്റനറുടെ പന്തില്‍ നരെയ്ന്‍(7) ജഡേജക്ക് പിടികൊടുത്ത് മടങ്ങി. നാലാമനായി ക്രീസിലെത്തിയ റിങ്കു സിംഗിനും ക്രീസില്‍ അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 11 പന്തില്‍ 11 റണ്‍സെടുത്ത റിങ്കു സിംഗിനെ പതിമൂന്നാം ഓവറില്‍ ജഡേജ മടക്കി. സ്പിന്നര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ കൊല്‍ക്കത്ത സ്‌കോര്‍ ഇഴഞ്ഞു നീങ്ങി.

എന്നാല്‍ പതിനാറാം ഓവര്‍ എറിയാനെത്തിയ കാണ്‍ ശര്‍മയെ തുടര്‍ച്ചയായി മൂന്ന് സിക്‌സിന് പറത്തിയ നിതീഷ് റാണ കൊല്‍ക്കത്ത സ്‌കോറിന് വീണ്ടും ഗതിവേഗം നല്‍കി.പതിനെട്ടാം ഓവറില്‍ ലുങ്കി എങ്കിഡി നിതീഷ് റാണയെ(61 പന്തില്‍ 87) വീഴ്ത്തി ചെന്നൈക്ക് ആശ്വസിക്കാന്‍ വക നല്‍കി.

പതിനഞ്ചാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 106 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്ത സ്‌കോര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കാണ്(10 പന്തില്‍ 21*) കൊല്‍ക്കത്തെയെ 172 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.

click me!