പഞ്ചില്ലാതെ പഞ്ചാബ്; ഹൈദരാബാദിന് ചെറിയ വിജയലക്ഷ്യം

By Web TeamFirst Published Oct 24, 2020, 9:28 PM IST
Highlights

ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രമെടുത്ത പഞ്ചാബ് നാലാം ഓവറിലാണ് സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയത്. ഖലീലിന്‍റെ ഓവറില്‍ 11 റണ്‍സടിച്ച മന്‍ദീപും രാഹുലും സന്ദീപ് ശര്‍മയുടെ അടുത്ത ഓവറില്‍ 13 റണ്‍സടിച്ചെങ്കിലും മന്‍ദീപിനെ മടക്കി സന്ദീപ് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

ദുബായ്: ഐപിഎല്ലില്‍  പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ചെറിയ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രാഹുലും ഗെയ്‌ലും അടക്കമുള്ള മുന്‍നിര താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയ ഇന്നിംഗ്സായി മാറ്റാനാവാഞ്ഞതാണ് പഞ്ചാബിന് തിരിച്ചടിയായത്. 32 റണ്‍സുമായി പുറത്താകാതെ നിന്ന നിക്കോളാസ് പുരാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍.

തുടക്കം മോശമായില്ല

ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രമെടുത്ത പഞ്ചാബ് നാലാം ഓവറിലാണ് സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയത്. ഖലീലിന്‍റെ ഓവറില്‍ 11 റണ്‍സടിച്ച മന്‍ദീപും രാഹുലും സന്ദീപ് ശര്‍മയുടെ അടുത്ത ഓവറില്‍ 13 റണ്‍സടിച്ചെങ്കിലും മന്‍ദീപിനെ മടക്കി സന്ദീപ് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

വണ്‍ ഡൗണായി ക്രീസിലെത്തിയ ക്രിസ് ഗെയ്‌ല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ ഹോള്‍ഡര്‍ക്കെതിരെ രണ്ട് ബൗണ്ടറി നേടി ഗെയ്ല്‍ പവര്‍ പ്ലേ പഞ്ചോടെ അവസാനിപ്പിച്ചു. റാഷിദ് ഖാനെതിരെ ഗെയ്ല്‍ സിക്സ് നേടിയെങ്കിലും പഞ്ചാബിന്‍റെ സ്കോറിംഗ് പവര്‍പ്ലേ കഴിഞ്ഞതോടെ ഇഴഞ്ഞു നീങ്ങി.

ഗെയ്‌ലാട്ടം ഇത്തവണയില്ല

ഒടുവില്‍ ഗെയ്‌ലിനെ(20 പന്തില്‍ 20) മടക്കി ഹോള്‍ഡര്‍ പഞ്ചാബിന്‍റെ പിടി അയച്ചു. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ(27 പന്തില്‍ 27)) ക്ലീന്‍ ബൗള്‍ഡാക്കിയ റാഷിദ് പഞ്ചാബിനെ പിടിച്ചുകെട്ടി. നിക്കോളാസ് പുരാന്‍ പൊരുതിയെങ്കിലും കൂട്ടിനാരുമുണ്ടായില്ല.

നിരാശപ്പെടുത്തി വീണ്ടും മാക്സ്‌വെല്‍

ഗ്ലെന്‍ മാക്സ്‌വെല്‍(12) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ദീപക് ഹൂഡ പൂജ്യനായി മടങ്ങി. ക്രിസ് ജോര്‍ദാനും(7) കാര്യമായി ഒന്നും ചെയ്യാനായില്ല. പുരാന്‍റെ ചെറുത്തുനില്‍പ്പാണ് പഞ്ചാബിനെ 120 കടത്തിയത്.  ഹൈദരാബാദിനായി റാഷിദ് ഖാനും ജേസണ്‍ ഹോള്‍ഡറും സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കഴിഞ്ഞ മത്സരം കളിച്ച പഞ്ചാബ് ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് പകരം മന്‍ദീപ് സിംഗ് അന്തിമ ഇലവനിലെത്തി. ഹൈദരാബാദ് ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പേസര്‍ ഖലീല്‍ അഹമ്മദ് ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി.

click me!