അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്

By Web TeamFirst Published Nov 1, 2020, 10:23 PM IST
Highlights

കാണാം ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലൊരു ക്യാച്ച്. അന്ന് സ്‌മിത്ത് എങ്കില്‍ ഇന്ന് സ്റ്റോക്‌സ്. പാറിപ്പറന്ന് ദിനേശ് കാര്‍ത്തിക്- വീഡിയോ

ദുബായ്: ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ അമ്പരപ്പിക്കും ക്യാച്ചുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തടിച്ച് തുടങ്ങിയ ബെന്‍ സ്റ്റോക്‌സാണ് കാര്‍ത്തിക്കിന്‍റെ അവിശ്വസനീയ പറക്കലിന് മുന്നില്‍ തലകുനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓയിന്‍ മോര്‍ഗന്‍റെ വെടിക്കെട്ടില്‍ 192 റണ്‍സെന്ന വിജയലക്ഷ്യമാണ് രാജസ്ഥാന് വച്ചുനീട്ടിയത്. ആദ്യ ഓവറില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ തകര്‍പ്പന്‍ സിക്‌സറിന് പറത്തി സ്റ്റോക്‌സ്. ഈ ഓവറിലെ അവസാന പന്തില്‍ ഉത്തപ്പ നാഗര്‍കോട്ടി പിടിച്ച് പുറത്തായെങ്കിലും 19 റണ്‍സ് ചേര്‍ത്തിരുന്നു രാജസ്ഥാന്‍ ഓപ്പണര്‍മാര്‍. മൂന്നാം ഓവറില്‍ വീണ്ടും പന്തെടുത്തപ്പോള്‍ ആദ്യ പന്തില്‍തന്നെ സ്റ്റോക്‌സിന് പണി കൊടുത്തു കമ്മിന്‍സ്. 

കമ്മിന്‍സിന്‍റെ പന്തില്‍ സ്റ്റോക്‌സ് ബാറ്റുവച്ചപ്പോള്‍ എഡ്‌ജായി ഫസ്റ്റ് സ്ലിപ്പിലൂടെ ബൗണ്ടറിയിലേക്ക് എന്ന് തോന്നിച്ച് ബോള്‍ പറന്നു. എന്നാല്‍ ഒറ്റച്ചാട്ടത്തിന് രണ്ട് വിരലുകളില്‍ പന്ത് കോര്‍ത്തു വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക്. ക്രിക്കറ്റ് പ്രേമികള്‍ തലയില്‍ കൈവച്ച നിമിഷം. കഴിഞ്ഞ മത്സരത്തില്‍ രാജാവായി വിലസിയ സ്റ്റോക്‌സ് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടി. 2007 ടി20 ലോകകപ്പില്‍ ആര്‍പി സിങ്ങിന്‍റെ പന്തില്‍ ഗ്രയാം സ്‌മിത്തിനെ പുറത്താക്കാന്‍ ഡികെ എടുത്ത പറക്കും ക്യാച്ചിനെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. പുറത്താകുമ്പോള്‍ 11 പന്തില്‍ 18 റണ്‍സുണ്ടായിരുന്നു സ്റ്റോക്‌സിന്.  

കാണാം വണ്ടര്‍ ക്യാച്ച്

2007ല്‍ സ്‌മിത്തിനെ മടക്കിയ ക്യാച്ച് ഇങ്ങനെ 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 153 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇരു ഓപ്പണര്‍മാരെയും തന്‍റെ ആദ്യ ഓവറില്‍തന്നെ ആര്‍പി സിങ് മടക്കി. ഗിബ്‌സ് എല്‍ബിയില്‍ കുരുങ്ങിയപ്പോള്‍ ഡികെയുടെ പറക്കും ക്യാച്ചിലായിരുന്നു സ്‌മിത്തിന്‍റെ മടക്കം. ആര്‍പിയുടെ ഔട്ട്‌സ്വിങ്ങറില്‍ പിഴച്ച സ്‌മിത്ത് സ്ലിപ്പില്‍ കാര്‍ത്തിക്കിന്‍റെ കൈകളില്‍ അവസാനിച്ചു. മത്സരം ഇന്ത്യ 37 റണ്‍സിന് ജയിച്ചു.

click me!