
ദുബായ്: ഐപിഎല്ലില്‍ വിരാട് കോലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും അനില്‍ കുംബ്ലെ പരിശീലിപ്പിക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ ജയം പഞ്ചാബിനൊപ്പമായിരുന്നു. അനില്‍ കുംബ്ലെയും വിരാട് കോലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെട്ടത്. കുംബ്ലെയായിരുന്നു ശരി എന്ന് കാലം തെളിയിക്കുകയായിരുന്നോ ഈ മത്സരത്തില്‍. മത്സരശേഷം അനില്‍ കുംബ്ലെയെ വാനോളം പുകഴ്‌ത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ നായകന്‍ കെ എല്‍ രാഹുലിന്‍റെ വാക്കുകള്‍ ശ്രദ്ധേയമായി.
'ഏറെ പരിചയസമ്പന്നനായ പരിശീലകനാണ് കുംബ്ലെ. നീണ്ടകാലം ഐപിഎല്ലിലുണ്ടായിരുന്നു അദേഹം. ഇപ്പോള്‍ കുംബ്ലെ പരിശീലകനായി എത്തിയത് ഗുണം ചെയ്യുന്നു. ടീമിനെ ആദ്യമായി നയിക്കുന്ന തന്നെപ്പോലെയുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശവും പിന്തുണയും വലുതാണ്. എന്‍റെ വളര്‍ച്ച നേരില്‍ക്കണ്ട ആള്‍ കൂടിയാണ് അനില്‍ കുംബ്ലെ എന്നതും വലിയ സഹായകമാണ്. എന്നെയും കര്‍ണാടകയില്‍ നിന്നുള്ള മറ്റ് താരങ്ങളെയും ഏറെ പിന്തുണയ്‌ക്കുന്നു. ടീമിലെ യുവതാരങ്ങളുടെ മാത്രമല്ല, സീനിയര്‍ താരങ്ങളുടെ പ്രകടനത്തിലും വലിയ മാറ്റമുണ്ടാക്കാന്‍ കരുത്തുണ്ട് അദേഹത്തിന്. കുംബ്ലെയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്' എന്നും കെ എല്‍ രാഹുല്‍ പറഞ്ഞു.
ഈ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാം അങ്കത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 97 റണ്‍സിന് കീഴടക്കി രാജകീയമായി തിരിച്ചെത്തിയിരുന്നു പഞ്ചാബ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവന്‍ നായകന്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിക്കരുത്തില്‍ മൂന്ന് വിക്കറ്റിന് 206 റണ്‍സെന്ന മികച്ച സ്‌കോര്‍ നേടി. രാഹുല്‍ 69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതം 132 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ആര്‍സിബി 17 ഓവറില്‍ 109 റണ്‍സില്‍ പുറത്തായി. നായകന്‍ വിരാട് കോലിക്ക് ഒരു റണ്‍ മാത്രമേ നേടാനായുള്ളൂ.
മൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായിരിക്കേ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംബ്ലെയെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയത് നായകനായ വിരാട് കോലിയുടെ ഇടപെടലാണ് എന്നയിരുന്നു വിമര്‍ശനം. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് വിജയകരമായ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി കുംബ്ലെ പടിയിറങ്ങിയത്. പരിശീലകന്‍റെ കാര്യത്തില്‍ ക്യാപ്റ്റന് ചില പ്രത്യേക അധികാരങ്ങളുണ്ടെന്ന് ബിസിസിഐ തന്നെ അറിയിച്ചുവെന്നും അതിനാല്‍ പടിയിറങ്ങുന്നുവെന്നുമായിരുന്നു അന്ന് കുംബ്ലെയുടെ പ്രതികരണം.
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍ ധോണി; രണ്ടാമന്‍റെ പേരുമായി വീരു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!