
ഷാർജ: ഐപിഎല്ലില്‍ മായങ്ക് അഗര്‍വാള്‍- കെ എല്‍ രാഹുല്‍ താണ്ഡവത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 223 റണ്‍സെടുത്തു. മായങ്ക് 50 പന്തില്‍ 106 റണ്‍സും കെ എല്‍ രാഹുല്‍ 54 പന്തില്‍ 69 റണ്‍സും നേടി. രാജസ്ഥാനായി അങ്കിത് രജ്‌പുതും ടോം കറനുമാണ് വിക്കറ്റ് വീഴ്‌ത്തിയത്.
പവര്‍പ്ലേയില്‍ റെക്കോര്‍ഡ് സ്‌കോര്‍
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌മിത്തിന്‍റെ തീരുമാനം തെറ്റെന്ന് തുടക്കത്തിലെ കാട്ടുകയായിരുന്നു പഞ്ചാബിന്‍റെ മായങ്കും രാഹുലും. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത ഇരുവരും പിന്നീട് ആളിക്കത്തി. തന്‍റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ വരെ അടിവാങ്ങി. പവര്‍പ്ലേയില്‍ 60-0 എന്ന സ്‌കോറിലെത്തി പഞ്ചാബ്. ഈ ഐപിഎല്ലിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.
കന്നി സെഞ്ചുറി കേങ്കേമമാക്കി മായങ്ക്
ഓപ്പണര്‍മാര്‍ അടിതുടര്‍ന്നതോടെ ഒന്‍പത് ഓവറില്‍ കിംഗ്‌സ് ഇലവന്‍ 100 പിന്നിട്ടു. രാഹുലിനെ കാഴ്‌ചക്കാരനാക്കി തലങ്ങുംവിലങ്ങും സിക്‌സുകള്‍ പറത്തിയ മായങ്ക് 26 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. രാഹുല്‍ 35 പന്തില്‍ നിന്ന് അമ്പതിലെത്തി. 14-ാം ഓവറിലെ രണ്ടാം പന്തില്‍ സ്‌കോര്‍ 150 കടന്നു. 45 പന്തില്‍ മായങ്ക് കന്നി ഐപിഎല്‍ സെഞ്ചുറി തികച്ചു. ഇതിനകം തന്നെ ഏഴ് സിക്‌സുകള്‍ ഗാലറിയിലെത്തിയിരുന്നു.
ഈ ഓപ്പണിംഗ് സഖ്യം പൊളിക്കാന്‍ രാജസ്ഥാന് കഴിഞ്ഞത് 17-ാം ഓവറില്‍ മാത്രം. 50 പന്തില്‍ 106 റണ്‍സെടുത്ത മായങ്ക്, ടോം കറന്‍റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കി മടങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ പിറന്നത് 183 റണ്‍സ്. രാഹുലാവട്ടെ 54 പന്തില്‍ 69 റണ്‍സുമായി രജ്‌പുതിന്‍റെ 19-ാം ഓവറില്‍ വീണു. എന്നാല്‍ അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും(9 പന്തില്‍ 13*) നിക്കോളസ് പുരാനും(8 പന്തില്‍ 25*) ചേര്‍ന്ന് പഞ്ചാബിനെ സ്വപ്‌ന സ്‌കോറിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!