പഞ്ചാബിന്‍റെ തലയരിഞ്ഞ് സണ്‍റൈസേഴ്‌സ്; വെടിക്കെട്ട് ഫിഫ്റ്റിയുമായി തിരിച്ചടിച്ച് പുരാന്‍

By Web TeamFirst Published Oct 8, 2020, 10:32 PM IST
Highlights

ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ തിരിച്ചടിയേറ്റു. ആറ് പന്തില്‍ ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. 

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മുന്‍നിര വിക്കറ്റുകള്‍ നഷ്‌ടം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 93 റണ്‍സ് എന്ന സ്‌കോറിലാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. നിക്കോളസ് പുരാനും(56*) ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ്(2*) ക്രീസില്‍. പുരാന്‍ 17 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. 

ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് ആദ്യ തിരിച്ചടിയേറ്റു. ആറ് പന്തില്‍ ഒന്‍പത് റണ്‍സുമായി മായങ്ക് അഗര്‍വാളാണ് ആദ്യം പുറത്തായത്. മായങ്ക് റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ സിമ്രാന്‍ സിംഗ് എട്ട് പന്തില്‍ 11 റണ്‍സുമായി ഖലീല്‍ അഹമ്മദിന്‍റെ പന്തില്‍ ഗാര്‍ഗിന് ക്യാച്ച് നല്‍കി. നായകന്‍ കെ എല്‍ രാഹുലാണ് മൂന്നാമനായി മടങ്ങിയത്. 16 പന്തില്‍ 11 റണ്‍സെടുത്ത രാഹുലിനെ ഏഴാം ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ പന്തില്‍ വില്യംസണ്‍ പിടിച്ചു. 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ജോണി ബെയര്‍സ്റ്റോയുടെയും ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ വിക്കറ്റ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 55 പന്തില്‍ 97 റണ്‍സടിച്ച ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ ആണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഓപ്പണിംഗ് വിക്കറ്റില്‍ വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം 15 ഓവറില്‍ 160 റണ്‍സ് അടിച്ചെടുത്തു.

28 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബെയര്‍സ്റ്റോ അടിച്ചുതകര്‍ത്തതോടെ പത്താം ഓവറില്‍ ഹൈദരാബാദ് 100 റണ്‍സിലെത്തി. മാക്സ്‌വെല്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 20 റണ്‍സടിച്ച ബെയര്‍സ്റ്റോ അതിവേഗം സ്കോറുയര്‍ത്തിയപ്പോള്‍ വാര്‍ണര്‍ സിംഗിളെടുത്ത് സ്ട്രൈക്ക് കൈമാറി. 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ആദ്യ 15 ഓവറില്‍ 160  റണ്‍സടിച്ച ഹൈദരാബാദിന് അവസാന അഞ്ചോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കി 41 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 10 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താകാടെ നിന്ന കെയ്ന്‍ വില്യംസണാണ് ഒരുഘട്ടത്തില്‍ 230 കടക്കുമെന്ന് കരുതിയ ഹൈദരാബാദിനെ 200 കടത്തിയത്.

click me!