രക്ഷകനായി ഡികോക്ക്, പൊള്ളാര്‍ഡിന്‍റെ ഫിനിഷിംഗ്; മുംബൈക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Oct 18, 2020, 9:14 PM IST
Highlights

അവസാന ഓവര്‍ എറിയാനെത്തിയത് ജോര്‍ദന്‍. ഈ ഓവറില്‍ രണ്ട് സിക്‌സുകള്‍ സഹിതം 20 റണ്‍സ് നേടി പൊള്ളാര്‍ഡ്. പൊള്ളാര്‍ഡ് 12 പന്തില്‍ 34 റണ്‍സും നൈല്‍ 12 പന്തില്‍ 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 176 റണ്‍സെടുത്തത്. ഡിക്കോക്കിന്‍റെ രക്ഷാപ്രവര്‍ത്തനവും അവസാന ഓവറുകളിലെ പൊള്ളാര്‍ഡ്- കോള്‍ട്ടര്‍ നൈല്‍ വെടിക്കെട്ടുമാണ് തകര്‍ച്ചയിലും മുംബൈയെ കാത്തത്. 

പവറാവാതെ പവര്‍പ്ലേ

ആദ്യം ബാറ്റ് ചെയ്യാനുള്ള മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം തുടക്കത്തിലെ പാളി. എട്ട് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത ഹിറ്റ്‌മാനെ മൂന്നാം ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറില്‍ സൂര്യകുമാറിനെ ഷമി മടക്കി. അക്കൗണ്ട് തുറക്കാതെയാണ് സൂര്യകുമാറിന്‍റെ മടക്കം. അഞ്ചാം ഓവറില്‍ അര്‍ഷ്‌ദീപ് വീണ്ടും പന്തെടുത്തപ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച് ഇഷാന്‍ കിഷനും(7) പുറത്തായി. ഇതോടെ പവര്‍പ്ലേയില്‍ 43-3 എന്ന നിലയിലായി മുംബൈ.

ഡിസ്‌ക്കോ ഡിക്കോക്ക്

ഡികോക്കിനൊപ്പം ക്രുനാലിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് മുംബൈയെ കരകയറ്റിയത്. 12.3 ഓവറില്‍ ഇരുവരും 50 റണ്‍സ് കൂട്ടുകെട്ട് തികച്ചു. ക്രുനാല്‍ 30 പന്തില്‍ 34 റണ്‍സെടുത്താണ് പുറത്തായത്. മികച്ച ഫോം തുടരുന്ന ഡികോക്ക് 39 പന്തില്‍ അര്‍ധ സെഞ്ചറി പിന്നിട്ടതോടെ മുംബൈ മത്സരത്തില്‍ സാന്നിധ്യമറിയിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ 14-ാം ഓവറില്‍ ഷമി വീണ്ടുമെത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ(8) വീണു. പുരാനാണ് ക്യാച്ച്. ഡികോക്കിന്‍റെ ഇന്നിംഗ്‌സ് 17-ാം ഓവറിലെ മൂന്നാം പന്ത് വരെ നീണ്ടു. ജോര്‍ദനായിരുന്നു വിക്കറ്റ്. 

പഞ്ചാബിനെ പൊള്ളിച്ച് പൊള്ളാര്‍ഡ്

എന്നാല്‍ അവസാന മൂന്ന് ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡും- നഥാന്‍ കോള്‍ട്ടര്‍ നൈലും വെടിക്കെട്ടിലൂടെ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. മികച്ച രീതിയില്‍ ആദ്യ രണ്ട് ഓവര്‍ എറിഞ്ഞ അര്‍ഷദീപിനെ 18-ാം ഓവറില്‍ 22 റണ്‍സാണ് നേടിയത്. ഷമിയുടെ 19-ാം ഓവറില്‍ 12 റണ്‍സും പിറന്നു. അവസാന ഓവര്‍ എറിയാനെത്തിയത് ജോര്‍ദന്‍. ഈ ഓവറില്‍ രണ്ട് സിക്‌സുകള്‍ സഹിതം 20 റണ്‍സ് നേടി പൊള്ളാര്‍ഡ്. പൊള്ളാര്‍ഡ് 12 പന്തില്‍ 34 റണ്‍സും നൈല്‍ 12 പന്തില്‍ 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

click me!