
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോശമല്ലാത്ത തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 48-1 എന്ന സ്‌കോറിലാണ് ചെന്നൈ. ഡുപ്ലസിയുടെ വിക്കറ്റാണ് നഷ്‌ടമായത്. 13 പന്തില്‍ 25 റണ്‍സെടുത്ത ഡുപ്ലസിയെ ആറാം ഓവറിലെ ആദ്യ പന്തില്‍ മോറിസ്, സിറാജിന്‍റെ കൈകളിലെത്തിച്ചു. റുതുരാജ് ഗെയ്‌ക്‌വാദും(23*) അമ്പാട്ടി റായുഡുവുമാണ്(0*) ക്രീസില്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോലിപ്പട 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 145 റണ്‍സെടുത്തു. ചെന്നൈ ബൗളര്‍മാരുടെ മികവിനിടയില്‍ കോലി-എബിഡി സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് ബാംഗ്ലൂരിന് തുണയായത്. അര്‍ധ സെഞ്ചുറി നേടിയ കോലി 43 പന്തില്‍ 50 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. ചെന്നൈക്കായി കറന്‍ മൂന്നും ചഹാര്‍ രണ്ടും സാന്‍റ്‌നര്‍ ഒന്നും വിക്കറ്റ് നേടി.
കോലിയുടെ കരുതല്‍
തുടക്കത്തിലെ സാം കറന്‍ നാലാം ഓവറില്‍ ആരോണ്‍ ഫിഞ്ചിന് കെണിയൊരുക്കി. തുടക്കം മുതല്‍ മുന്നോട്ടുകയറി കളിക്കാന്‍ ശ്രമിച്ച ഫിഞ്ചിന്(15) ബൗണ്‍സറില്‍ പിഴച്ചു. എക്‌സ്‌ട്രാ കവറിന് മുകളിലൂടെ പറത്താനുള്ള ശ്രമം ഗെയ്‌ക്‌വാദിന്‍റെ കൈകളില്‍. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 46-1 എന്ന സ്‌കോറിലായിരുന്നു ബാംഗ്ലൂര്‍. തൊട്ടടുത്ത ഓവറില്‍ സാന്‍റ്‌നര്‍ പന്തെറിയാനെത്തിയപ്പോള്‍ ആദ്യ പന്തില്‍ ദേവ്‌ദത്ത് പടിക്കലും(22) വീണു. ബൗണ്ടറിയില്‍ ഫാഫ്-ഗെയ്‌ക്‌വാദ് സഖ്യത്തിന്‍റെ സുന്ദര്‍ ക്യാച്ച്.
കറന്‍- 19-3
പിന്നീടങ്ങോട്ട് വിരാട് കോലി-എ ബി ഡിവില്ലിയേഴ്‌സ് സഖ്യം കരുതലോടെ നയിക്കുകയായിരുന്നു. ഏഴാം ഓവറില്‍ തുടങ്ങി 18-ാം ഓവറിലെ മൂന്നാം പന്തുവരെ ഇരുവരുടെയും കൂട്ടുകെട്ട് നീണ്ടുനിന്നു. ദീപക് ചഹാറിന്‍റെ പന്തില്‍ ബൗണ്ടറിയില്‍ ഡുപ്ലസി പിടിച്ച് പുറത്താകുമ്പോള്‍ 36 പന്തില്‍ 39 റണ്‍സുണ്ടായിരുന്നു എബിഡിക്ക്. സാം കറന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ മൊയിന്‍ അലി ലോംഗ്‌ഓഫില്‍ സാന്‍റ്‌നറുടെ കൈകളില്‍. ഇതേ ഓവറില്‍ കോലി അര്‍ധ സെഞ്ചുറി(42 പന്തില്‍) തികച്ചു. എന്നാല്‍ അവസാന പന്തില്‍ കോലിയെ ലോംഗ്‌ഓണില്‍ ഡുപ്ലസി പറന്നുപിടിച്ചു. ചഹാറിന്‍റെ അവസാന ഓവറിലെ മൂന്നാം പന്തില്‍ മോറിസ്(2) ബൗള്‍ഡാവുകയും ചെയ്തു.
Powered by
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!