
ഷാര്‍ജ: ട്വന്‍റി 20ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ ഇന്നിംഗ്സുകളിലൊന്നായിരുന്നു രാഹുല്‍ തിവാട്ടിയയുടേത്. വില്ലനില്‍ നിന്ന് ഹീറോയിലേക്കുള്ള മാറ്റം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. 2017 സീസണില്‍ പഞ്ചാബ് ടീമിൽ അംഗമായിരുന്ന തിവാട്ടിയയെ താരലേലത്തിൽ ടീം ഒഴിവാക്കുകയായിരുന്നു.
ഒരു ബാറ്റ്സ്മാനെ പുറത്തിരുത്തി ബൗളറെ അധികമായി ഉള്‍പ്പെടുത്തിയ റോയൽസ് മാനേജ്‌മെന്‍റ് രാഹുല്‍ തിവാട്ടിയയെ നാലാമനായി അയച്ചത് തീര്‍ത്തും അപ്രതീക്ഷിതമായി. സ്മിത്ത് പുറത്താകുമ്പോള്‍ ജയിക്കാന്‍ വേണ്ടത് 11 ഓവറില്‍ 124 റൺസ്. ലെഗ് സ്‌പിന്നര്‍മാര്‍ക്കെതിരെ സിക്സര്‍ പറത്താനുള്ള നിര്‍ദേശം നൽകിയാണ് തിവാട്ടിയയെ ക്രീസിലേക്ക് അയച്ചത്. എന്നാൽ പന്ത് ബാറ്റിൽ കൊള്ളിക്കാന്‍ പോലും കഴിയാതെ തിവാട്ടിയ കുഴങ്ങി.
2009ലെ ട്വന്‍റി 20 ലോകകപ്പില്‍ രവീന്ദ്ര ജഡേജ നിന്ന് വെളളം കുടിച്ചതുപോലെയുള്ള ഇന്നിംഗ്സ്. നേരിട്ട 19 പന്തിൽ എട്ട് റൺസ് മാത്രം. തിവാട്ടിയയെ സഞ്ജു റൺഔട്ടാക്കുകയോ രാജസ്ഥാന്‍ നിര്‍ബന്ധിച്ച് തിരിച്ചുവിളിക്കയോ ചെയ്യണമെന്ന പരിഹാസം സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗായി. രവി ബിഷ്ണോയിക്കെതിരെ സിക്സര്‍ നേടിയിട്ടും സ്‌ട്രൈക്ക് കൈമാറാന്‍ സഞ്ജു മടിച്ചതും തിവാട്ടിയ നോക്കിനിന്നു.
സഞ്ജു പുറത്തായ 17-ാം ഓവര്‍ തീരുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ 18 പന്തില്‍ 51 റണ്‍സ്. അത്രയും നേരം ഉറക്കം തൂങ്ങിനിന്ന തിവാട്ടിയ, കോട്രലിന്‍റെ ഓവറില്‍ ആളാകെമാറി. അഞ്ച് സിക്‌സുകള്‍ ഗാലറിയിലെ കസേരകളിലേക്ക്. അടുത്ത ഓവറില്‍ ഷമിയെയും വെറുതെവിട്ടില്ല. ജയത്തിന് രണ്ട് റൺസരികെ പുറത്താകുമ്പോള്‍ സാമൂഹികമാധ്യമങ്ങളിൽ തിവാട്ടിയയോട് മാപ്പുചോദിച്ചുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു അവസാന 12 പന്തില്‍ 45 റൺസടിച്ച് കൂട്ടിയ തിവാട്ടിയ ഡഗൗട്ടിലേക്ക് തിരിച്ചുനടന്നത് വീരനായകനായാണ്.
അളിയാ...നന്ദിയുണ്ട്, തിവാട്ടിയയോട് യുവി; ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോയി ക്രിക്കറ്റ് ആരാധകര്‍
തനിക്കെതിരെ ഇട്ട അസംഖ്യം സ്റ്റാറ്റസുകളും പോസ്റ്റുകളും തിരുത്തിച്ച തിവാട്ടിയ ലോകത്തോട് പറയുന്നത് ഒന്നു മാത്രം. ആരെയും എഴുതിത്തള്ളരുത്. ഏത് തകര്‍ച്ചയിൽ നിന്നും കരകയറാനുള്ള വെടിമരുന്ന് എല്ലാ മനുഷ്യന്‍റെയും ഉള്ളിൽ തന്നെയുണ്ട്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!