Latest Videos

സെവാഗും ബട്‌ലറും വാര്‍ണറും തൊട്ടരികെ; ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ധവാന്‍

By Web TeamFirst Published Oct 20, 2020, 8:49 PM IST
Highlights

 കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സെഞ്ചുറി നേടിയ ധവാന്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. സീസണ്‍ തുടക്കത്തില്‍ പതറിയെങ്കിലും കഴിഞ്ഞ കുറച്ച് മത്സങ്ങളിലെ പ്രകടനത്തോടെ വിശ്വസിക്കാവുന്ന താരമായി മാറിയിട്ടുണ്ട് ധവാന്‍. മറ്റുള്ളവര്‍ മടങ്ങിയാലും പലപ്പോഴും ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ ഇടങ്കയ്യന്‍ ഓപ്പണര്‍ വിലയേറിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സെഞ്ചുറി നേടിയ ധവാന്‍ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 

ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ധവാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതോടെ ഒരു സുപ്രധാന നാഴികക്കല്ലും താരം പിന്നിട്ടു. സീസണില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ധവാന്‍ അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതല്‍ റണ്‍സൊ നേടുന്നത്. ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസണ്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കൊപ്പമാണ് ധവാന്‍. വില്യംസണ്‍ 2018ലാണ് ഈ നേട്ടം കൈവരിച്ചത്. കോലി 2016ല്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ചുറിയോ അതില്‍ കൂടുതല്‍ റണ്‍സോ നേടിയിരുന്നു.

എന്നാല്‍ മൂവര്‍ക്കും മുകളില്‍ മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട്. വിരേന്ദര്‍ സെവാഗ്, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആ താരങ്ങള്‍. മൂവരും തുടര്‍ച്ചയായി അഞ്ച് തവണ 50ല്‍ അധികം റണ്‍സ് കണ്ടെത്തിയ താരങ്ങളാണ്. 2012ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഇപ്പോഴത്തെ ഡല്‍ഹി കാപിറ്റല്‍സ്) കളിക്കുമ്പോഴാണ് സെവാഗ് നേട്ടം സ്വന്തമാക്കിയത്. 2018ല്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ ജോസ് ബ്ടലറും സെവാഗിനൊപ്പമെത്തി. കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഡേവിഡ് വാര്‍ണറും പട്ടികയില്‍ ഇടം നേടി.

click me!