എന്തുകൊണ്ട് ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; മറുപടിയുമായി ഗാംഗുലി

By Web TeamFirst Published Nov 8, 2020, 2:53 PM IST
Highlights

ഐപിഎല്ലിനെ മറ്റ് ലീഗുകളില്‍ നിന്ന് മികച്ചതാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ തലവനും ഇന്ത്യന്‍ മുന്‍നായകനുമായ സൗരവ് ഗാംഗുലി. 

ദുബായ്: ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗാണ് ഐപിഎല്‍ എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. ഐപിഎല്ലില്‍ അവസരം ലഭിക്കാന്‍ വിദേശ-സ്വദേശ താരങ്ങളുടെ മത്സരം കണ്ടാല്‍ തന്നെ ഇത് വ്യക്തം. കാഴ്‌ചക്കാരുടെ എണ്ണത്തിലും ഐപിഎല്ലിനെ വെല്ലാനാവില്ല. എന്താണ് ഐപിഎല്ലിനെ മറ്റ് ടി20 ലീഗുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്, തലപ്പത്ത് നിര്‍ത്തുന്നത്? ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 

'മത്സരങ്ങളുടെ നിലവാരവും ക്രിക്കറ്റിനോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹവുമാണ് ഐപിഎല്ലിനെ ഇത്രയധികം ജനപ്രിയമാക്കിയത്. താരങ്ങളുടെ പങ്കാളിത്തത്തിലും ലോകത്തെ മറ്റ് ടി20 ലീഗുകളില്‍ നിന്ന് വ്യത്യസ്തമാണ് ഐപിഎല്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും കീറോണ്‍ പൊള്ളാര്‍ഡിനെ നോക്കുക, രണ്ടും രണ്ട് തലത്തിലാണ്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ മുംബൈയെ നയിച്ച അയാളുടെ ക്യാപ്റ്റന്‍സി മികച്ചതാണ്. 36-ാം വയസില്‍ ഡിവിലിയേഴ്‌സിനെ കാണുക. ഉടമകള്‍ ടീമുകളുമായി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ക്രിക്കറ്റില്ലെങ്കില്‍ ഞങ്ങള്‍ക്ക് ജീവിതമില്ല എന്ന് പറയുന്നവരാണ്' അവരെന്നും ദാദ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

അടുത്ത സീസണ്‍ എവിടെ?

'അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്ലുണ്ടാകും(IPL 2021). അടുത്ത സീസണിനും യുഎഇ വേദിയാവും എന്നത് അഭ്യൂഹം മാത്രമാണ്. യുഎഇ ഈ സീസണിനുള്ള വേദി മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇന്ത്യ വേദിയാകും. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഇന്ത്യയില്‍ നടക്കും. ബയോ-ബബിള്‍ നടപ്പാക്കി രഞ്ജി ട്രോഫി മത്സരങ്ങളും സംഘടിപ്പിക്കും. നവംബറില്‍ ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയില്‍ ആരംഭിക്കും. അത് സന്തോഷം നല്‍കുന്നു. ഭയം ഒഴിവാകാന്‍ ഐപിഎല്‍ ഏറെ സഹായിച്ചു. ഇതുവരെ 16 കൊവിഡ് പരിശോധനകള്‍ നടത്തി' എന്നും ഗാംഗുലി വ്യക്തമാക്കി. 

തിരിച്ചെത്താന്‍ സൂപ്പര്‍താരം, നിര്‍ണായകം ഇവര്‍; സണ്‍റൈസേഴ്‌സ് സാധ്യത ഇലവന്‍

click me!