അയാളൊരു അസാമാന്യ പ്രതിഭ; ഡല്‍ഹി താരത്തിന് ലാറയുടെ കയ്യടി, ഒപ്പമൊരു ഓര്‍മ്മപ്പെടുത്തലും

By Web TeamFirst Published Oct 13, 2021, 3:53 PM IST
Highlights

രണ്ടാം ക്വാളിഫയറിന് മുമ്പ് ഡല്‍ഹിയുടെ ഒരു താരത്തെ വിസ്‌മയം എന്ന് വാഴ്‌ത്തുകയാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) രണ്ടാം ക്വാളിഫയര്‍ ദിനമാണിന്ന്. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സും(Delhi Capitals) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും(Kolkata Knight Riders) ഏറ്റുമുട്ടും. ഷാര്‍ജയില്‍ (Sharjah) ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഇന്ന് ജയിക്കുന്നവരാണ് കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ(Chennai Super Kings) നേരിടുക. 

മത്സരത്തിന് മുമ്പ് ഡല്‍ഹിയുടെ ഒരു താരത്തെ വിസ്‌മയം എന്ന് വാഴ്‌ത്തുകയാണ് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara). കഴിഞ്ഞ സീസണിലെ ഫോമിന്‍റെ നിഴലില്‍ മാത്രമുള്ള ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്‌ക്കാണ്(Kagiso Rabada) ലാറയുടെ പ്രശംസ. എന്നാല്‍ ഡല്‍ഹിയുടെ പ്രകടനത്തില്‍ താരത്തിന്‍റെ സാന്നിധ്യം നിര്‍ണായകമാണ് എന്ന് ലാറ നിരീക്ഷിക്കുന്നു. 

'അതേ, റബാഡയുടെ ഫോം ഡല്‍ഹിക്ക് ആശങ്കയാണ്. എന്നാല്‍ അദേഹമൊരു അസാമാന്യ താരമാണ്. 2020 സീസണില്‍ ഡല്‍ഹി ഫൈനലിലെത്താന്‍ നിര്‍ണായകമായ താരങ്ങളിലൊരാള്‍. മധ്യ ഓവറുകളില്‍ സ്ലോ ബോളുകളില്‍ റബാഡയ്‌ക്ക് ഏറെ വിക്കറ്റ് കിട്ടി. എന്നാല്‍ അത് ഇത്തവണ സംഭവിക്കുന്നില്ല. ആന്‍‌റിച്ച് നോര്‍ജെ മുന്നില്‍ നിന്ന് ആക്രമണം നന്നായി നയിക്കുമ്പോള്‍ കഴിഞ്ഞ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലോകോത്തര ബൗളറുടെ പിന്തുണ പ്രതീക്ഷിക്കുന്നു. താരത്തിന്‍റെ ഫോമില്ലായ്‌മ ചെറിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. റബാഡ ഫോമിലേക്ക് തിരിച്ചുവരാന്‍ ടീം കൊതിക്കുന്നുണ്ടാകും' എന്നും ലാറ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയില്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ 30 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായിരുന്നു കാഗിസോ റബാഡ. ഈ സീസണില്‍ 14 കളികളില്‍ 13 വിക്കറ്റേ താരത്തിനുള്ളൂ. അതേസമയം ഐപിഎല്‍ കരിയറിലാകെ 49 മത്സരങ്ങളില്‍ 74 വിക്കറ്റ് റബാഡയ്‌ക്ക് സ്വന്തമായുണ്ട്. 21 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 

ഇന്നറിയാം ചെന്നൈയുടെ എതിരാളിയെ

ഇക്കുറി ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ എതിരാളികളെ ഇന്ന് അറിയാം. ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സരമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ കളിയില്‍ ജയിച്ചു. ഐപിഎല്ലിന്‍റെ ഇന്ത്യന്‍ പാദത്തില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ യുഎഇ പാദത്തില്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു. 

ഐപിഎല്‍ 2021: ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ; ഫൈനലില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം

click me!