ഐപിഎല്‍ 2021: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ഡല്‍ഹി കാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും

By Web TeamFirst Published Oct 10, 2021, 9:47 AM IST
Highlights

ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലും ആദ്യ കിരീടവും ലക്ഷ്യമിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് (DC) ഇറങ്ങുന്നത്.

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ (IPL 2021) ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (Chennai Super Kings) നേരിടും. ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലും ആദ്യ കിരീടവും ലക്ഷ്യമിട്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് (DC) ഇറങ്ങുന്നത്. നാലാം കിരീടത്തോടെ തലയെടുപ്പ് വീണ്ടെടുക്കാനാണ് ചെന്നൈ (CSK) ഇറങ്ങുന്നത്. 

സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായ ഡല്‍ഹി ഫൈനലില്‍ എത്തുന്നത് പോയിന്റ് പട്ടികയിലെ ഒന്നാമന്‍മാരായി. രണ്ടാം സ്ഥാനക്കാരായ ചെന്നൈ അവസാന മൂന്ന് കളിയും തോറ്റ ക്ഷീണത്തിലും. പൃഥ്വി ഷോയും (Prithvi Shaw) ശിഖര്‍ ധവാനും (Shikhar Dhawan) നല്‍കുന്ന ഉറച്ച തുടക്കവും ശ്രേയസ് അയ്യരുടെയും (Shreyas Iyer) ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെയും (Rishabh Pant) അവസരോചിത ബാറ്റിംഗുമാണ് ഡല്‍ഹിയുടെ കരുത്ത്. മൂന്ന് വിദേശ താരങ്ങളുമായി കളിക്കുന്ന ഡല്‍ഹി നിരയിലേക്ക് മാര്‍ക്കസ് സ്റ്റോയിസ് തിരിച്ചെത്തിയേക്കും. ബൗളിംഗ് നിരയും സന്തുലിതം. 

റിതുരാജ് ഗെയ്ക്‌വാദും (Ruturaj Gaikwad) ഫാഫ് ഡുപ്ലെസിയും (Faf Du Plessis) ഫോമിലാണെങ്കിലും ചെന്നൈയുടെ മധ്യനിര ഉറച്ചിട്ടില്ല. ക്യാപ്റ്റന്‍ ധോണി  (MS Dhoni) റണ്‍കണ്ടെത്താന്‍ പാടുപെടുന്നു. സമാന അവസ്ഥയിലുള്ള സുരേഷ് റെയ്‌നയ്ക്ക് (Suresh Raina) പകരം റോബിന്‍ ഉത്തപ്പയെ (Robin Uthappa) പരീക്ഷിച്ചേക്കും. രവീന്ദ്ര ജഡേജയുടേയും (Ravindra Jadeja) ഡ്വയിന്‍ ബ്രാവോയുടേയും (Dwayne Bravo) ഓള്‍റൗണ്ട് മികവും നിര്‍ണായകമാവും. ജയിക്കുന്നവര്‍ ഫൈനലിലേക്ക്. തോല്‍ക്കുന്നവര്‍ക്ക് ഒരവസരംകൂടി. ബാംഗ്ലൂര്‍ (RCB), കൊല്‍ക്കത്ത (KKR) എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടും.

click me!