മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിച്ചു; പഞ്ചാബിനെതിരെ സഞ്ജു സിംഗിളിന് വിസമ്മതിച്ചതിനെ കുറിച്ച് മോറിസ്

By Web TeamFirst Published Apr 16, 2021, 11:59 AM IST
Highlights

ഇന്നലെ കൈവിട്ട കളി ഡല്‍ഹിയില്‍ നിന്ന് പിടിച്ചെടുത്തത് ക്രിസ് മോറിസിന്റ അവിശ്വനീയ പ്രകടനമായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ നാല് സിക്‌സുകള്‍ നേടിയ മോറിസ് രാജസ്ഥാന് രണ്ട് പോയിന്റ് സമ്മാനിച്ചു.

മുംബൈ: രാജസ്ഥാന്‍ റോയല്‍സ്- കിംഗ്‌സ് പഞ്ചാബ് മത്സരത്തിലെ സംഭവവികാസങ്ങള്‍ ഏറെ വിവാദമായിരുന്നു. രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സിംഗിള്‍ ഓടാന്‍ വിസമ്മതിച്ചിരുന്നു. ഇതില്‍ രണ്ട് വാദങ്ങളാണ് പ്രധാനമായും ചൂടുപിടിച്ചത്. സ്‌ട്രൈക്ക് മാറിയിരുന്നെങ്കില്‍ രാജസ്ഥാന്‍ കളി ജയിക്കുമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ക്രിക്കറ്റ് പണ്ഡിതരില്‍ മിക്കവരും സഞ്ജുവിന്റെ തീരുമാനത്തെ പിന്തുണച്ചു. 

ഇന്നലെ കൈവിട്ട കളി ഡല്‍ഹിയില്‍ നിന്ന് പിടിച്ചെടുത്തത് ക്രിസ് മോറിസിന്റ അവിശ്വനീയ പ്രകടനമായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ നാല് സിക്‌സുകള്‍ നേടിയ മോറിസ് രാജസ്ഥാന് രണ്ട് പോയിന്റ് സമ്മാനിച്ചു. ഇതോടെ പഞ്ചാബിനെതിരായ മത്സരത്തില്‍ മോറിസിന് സ്‌ട്രൈക്ക് കൊടുക്കാമായിരുന്നു എന്ന വാദത്തില്‍ വീണ്ടും ശക്തി വന്നു. ഇന്നലെ ഡല്‍ഹിക്കെതിരെ നേടിയ മത്സരത്തിന് ശേഷം സഞ്ജു ഇതിന് മറുപടി പറഞ്ഞു. ഇനിയൊരു നൂറ് തവണ ആ മത്സരം കളിച്ചാലും സിംഗിള്‍ ഓടില്ലെന്നാണ് സഞ്ജു പറഞ്ഞത്. 

ഇപ്പോള്‍ ക്രിസ് മോറിസും ആ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ്. വിമര്‍ശകരുടെ ഇനിയൊരു സംസാരത്തിന് ഇടം നല്‍കാതെയാണ് മോറിസ് മറുപടി നല്‍കിയത്. അതിങ്ങനെ... ''ആ മത്സരത്തില്‍ സഞ്ജു അസാമാന്യ ഫോമിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഡബിള്‍ ഓടാനാണ് കരുതിയിരുന്നത്. മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. പുറത്താവാണെങ്കിലും എന്റെ വിക്കറ്റ് നഷ്ടമാവട്ടെയെന്ന് കരുതി. കാരണം സഞ്ജു ഒരു സ്വപ്‌നത്തിലെന്ന പോലെയാണ് കളിച്ചിരുന്നത്. അവസാന പന്ത് അവന്‍ സിക്‌സ് നേടാതിരുന്നതില്‍ എനിക്ക് വലിയ വിഷമമൊന്നും തോന്നിയില്ല. കാരണം വാംഖഡെയില്‍ ഈര്‍പ്പം വലിയ ഘടകമായിരുന്നു.'' മോറിസ് പറഞ്ഞു.

''222 വലിയ ലക്ഷ്യമായിരുന്നു. ഞങ്ങല്‍ വിജയത്തിന്് അടുത്തെത്തി. ആ മത്സരത്തിന് ശേഷം താരങ്ങളെല്ലാം ആത്മവിശ്വാസത്തിലായിരുന്നു. ഡല്‍ഹി നന്നായി പന്തെറിഞ്ഞു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ എന്തും സംഭവിക്കും. ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നു.'' മോറിയ് പറഞ്ഞുനിര്‍ത്തി. 

ഏഴ് വിക്കറ്റിന്റെ ജയമാണ് മത്സരത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലര്‍ (62) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

click me!