ഐപിഎല്ലില്‍ നൂറഴക് വിരിയിക്കാന്‍ ബും ബും എക്‌സ്‌പ്രസ്; ബുമ്ര നാഴികക്കല്ലിനരികെ

By Web TeamFirst Published Sep 19, 2021, 4:54 PM IST
Highlights

ഐപിഎല്ലില്‍ മുംബൈക്കായി മാത്രം കളിച്ചിട്ടുള്ള ജസ്‌പ്രീത് ബുമ്ര 99 മത്സരങ്ങളില്‍ ഇതുവരെ 115 വിക്കറ്റുകളാണ് വീഴ്‌ത്തിയത്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണ്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ ശ്രദ്ധേയം മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര. ഐപിഎല്‍ കരിയറില്‍ മുംബൈ ഇന്ത്യന്‍സിനായി നൂറാം മത്സരം കളിക്കാനാണ് ബുമ്ര ഒരുങ്ങുന്നത്. 100 ഐപിഎല്‍ മത്സരം കളിക്കുന്ന 45-ാം താരം എന്ന നേട്ടവും ബുമ്ര ഇന്ന് സ്വന്തമാക്കും. ബന്ധവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് ബുമ്രയുടെ 100-ാം ഐപിഎല്‍ മത്സരം എന്നത് പോരിന്‍റെ തീവ്രത കൂട്ടും. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മാത്രം കളിച്ചിട്ടുള്ള ജസ്‌പ്രീത് ബുമ്ര 99 മത്സരങ്ങളില്‍ ഇതുവരെ 115 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. 2013ലായിരുന്നു ഐപിഎല്‍ അരങ്ങേറ്റം. ഡെത്ത് ഓവറുകള്‍ക്ക് പേരുകേട്ട താരം വെറും 7.4 ഇക്കോണമിയിലാണ് ഇത്രയും വിക്കറ്റ് വാരിയത് എന്നതാണ് ശ്രദ്ധേയം. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 

പതിനാലാം സീസണിന്‍റെ ആദ്യഘട്ടത്തില്‍ അത്ര മികച്ചതായിരുന്നില്ല ജസ്‌പ്രീത് ബുമ്രയുടെ പ്രകടനം. ഏഴ് മത്സരങ്ങളില്‍ 7.11 ഇക്കോണമിയേ വിട്ടുകൊടുത്തുള്ളൂ എങ്കിലും ആറ് വിക്കറ്റുകള്‍ മാത്രമാണ് താരം വീഴ്‌ത്തിയത്. 27.00 ആയിരുന്നു സ്‌ട്രൈക്ക്‌ റേറ്റ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞെത്തുന്ന ബുമ്രയില്‍ മുംബൈ ഇന്ത്യന്‍സിന് വലിയ പ്രതീക്ഷയുണ്ട്. 

ഐപിഎല്‍ പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്ന് യുഎഇയില്‍ തുടക്കമാകും. ദുബൈ അന്താരാഷ്‌‌ട്ര സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎല്‍ ആവേശം വീണ്ടും ക്രീസിലെത്തുമ്പോള്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുള്ള ചെന്നൈ രണ്ടും എട്ട് പോയിന്റുള്ള മുംബൈ നാലും സ്ഥാനങ്ങളിലാണ്. 

ഐപിഎല്ലിലെ നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ മുംബൈ ഇന്ത്യന്‍സിനാണ് മേധാവിത്തം. ഏറ്റവും ഒടുവില്‍ ഏറ്റുമുട്ടിയപ്പോഴും ജയം രോഹിത് ശര്‍മ്മയുടെ മുംബൈയ്‌ക്കൊപ്പം ആയിരുന്നു.

ഐപിഎല്‍ 'എല്‍ ക്ലാസിക്കോ': മുംബൈക്കെതിരെ ഇറങ്ങും മുമ്പ് ചെന്നൈക്ക് ശുഭ വാര്‍ത്ത; സൂപ്പര്‍താരം റെഡി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!