വജ്രായുധത്തെ തിരിച്ചുവിളിക്കുമോ ധോണി? ഡല്‍ഹിക്കെതിരെ ചെന്നൈയുടെ സാധ്യതാ ഇലവന്‍

By Web TeamFirst Published Oct 4, 2021, 4:43 PM IST
Highlights

പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍താരത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals)- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(Chennai Super Kings) വമ്പന്‍ പോരാട്ടമാണ്. ദുബായില്‍ വൈകിട്ട് 7.30ന് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. 18 പോയിന്‍റ് വീതമെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയെ പിന്തള്ളി തലപ്പത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍താരത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡല്‍ഹിക്കെതിരെ എം എസ് ധോണി(MS Dhoni) പ്ലേയിംഗ് ഇലവനില്‍ ചില മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കും എന്നാണ് സൂചനകള്‍. 

1. റുതുരാജ് ഗെയ്‌ക്‌വാദ്

12 ഇന്നിംഗ്‌സില്‍ 508 റണ്‍സുള്ള റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നും സ്ഥാനം നിലനിര്‍ത്തും. കൊല്‍ക്കത്തയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ 60 പന്തില്‍ സെഞ്ചുറി നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് താരം. 

2. ഫാഫ് ഡുപ്ലസിസ്

സിഎസ്‌കെയ്‌ക്ക് മിന്നും തുടക്കം നല്‍കുന്ന മറ്റൊരു താരം ഫാഫാണ്. ഈ സീസണില്‍ 460 റണ്‍സ് ഇതിനകം ഫാഫ് നേടിക്കഴിഞ്ഞു. 

3. മൊയീന്‍ അലി

വേഗം സ്‌കോര്‍ ചെയ്ത് ടീമിനെ രക്ഷിക്കുക എന്ന ചുമതലയാണ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിക്കുള്ളത്. അലിയുടെ സ്‌‌പിന്‍ ബൗളിംഗും നിര്‍ണായകം. 

4. സുരേഷ് റെയ്‌ന

12 ഇന്നിംഗ്‌സില്‍ വെറും 160 റണ്‍സെങ്കിലും വിമര്‍ശനങ്ങള്‍ മറികടന്ന് റെയ്‌നയെ ധോണി ഇന്നും കളിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. 

5. അമ്പാട്ടി റായുഡു

രാജസ്ഥാനെതിരെ രണ്ട് റണ്‍സേ നേടിയുള്ളൂവെങ്കിലും മധ്യനിരയില്‍ സുരക്ഷിത ബാറ്റ്സ്‌മാന്മാരുടെ അഭാവം റായുഡുവിനും സ്ഥാനം നല്‍കിയേക്കും.

6. എം എസ് ധോണി

മധ്യനിരയിലെ മറ്റ് താരങ്ങള്‍ പ്രതീക്ഷിക്കുന്ന സ്‌കോര്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ധോണിയില്‍ നിന്ന് വലിയ ഇന്നിംഗ്‌സുകള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണി എവിടെയിറങ്ങും എന്നതും ശ്രദ്ധേയം.

7. രവീന്ദ്ര ജഡേജ 

കഴിഞ്ഞ മത്സരത്തില്‍ 15 പന്തില്‍ 32 റണ്‍സ് നേടിയാണ് ഓള്‍റൗണ്ടര്‍ ജഡേജയുടെ വരവ്. സിഎസ്‌കെയെ മികച്ച ടോട്ടലില്‍ എത്തിച്ച താരത്തിന്‍റെ സ്‌പിന്‍ ബൗളിംഗും ടീമിന് നിര്‍ണായകം. 

8. ഡ്വെയ്‌ന്‍ ബ്രാവോ

ഐപിഎല്ലിന്‍റെ യുഎഇ ഘട്ടത്തില്‍ ചെന്നൈയുടെ വിജയങ്ങളില്‍ നിര്‍ണായകമായ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ ബ്രാവോയെ ധോണി തിരിച്ചുവിളിച്ചേക്കും. ഇതോടെ സാം കറന്‍ പുറത്താകാനാണ് സാധ്യത. 

9. ഷര്‍ദുല്‍ ഠാക്കൂര്‍

കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെയുടെ മികച്ച ബൗളര്‍ 30ന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഠാക്കൂറായിരുന്നു. ഇന്നും ഠാക്കൂറില്‍ ധോണി പ്രതീക്ഷയര്‍പ്പിക്കും. 

10. ദീപക് ചഹാര്‍

കഴി‌ഞ്ഞ മത്സരത്തിലിറങ്ങിയ കെ എം ആസിഫിന് പകരം ദീപക് ചഹാറിനെയും ഉള്‍പ്പെടുത്തിയേക്കും. സീസണില്‍ മികച്ച ഫോമിലാണ് ചഹാര്‍. 

11. ജോഷ് ഹേസല്‍വുഡ്

രാജസ്ഥാനെതിരെ ഓവറില്‍ 13ലധികം റണ്‍സ് വിട്ടുകൊടുത്തെങ്കിലും മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള ഹേസല്‍വുഡിനെ പിന്‍വലിക്കാന്‍ ചെന്നൈ മുതിര്‍ന്നേക്കില്ല. 

ചെന്നൈ സാധ്യതാ ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, ഫാഫ് ഡുപ്ലസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം എസ് ധോണി(നായകന്‍), രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ജോഷ് ഹേസല്‍വുഡ്. 

പ്ലേഓഫിന് മുമ്പ് വിജയവഴിയില്‍ തിരിച്ചെത്താനാണ് ചെന്നൈയുടെ ശ്രമം. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അതേസമയം ഡല്‍ഹി ആത്മവിശ്വാസത്തിലാണ്. അവസാന മത്സരത്തില്‍ അവര്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. 

ഐപിഎല്‍ 2021: അശ്വിന്‍- മോര്‍ഗന്‍ തര്‍ക്കത്തില്‍ പന്തിനെ കുറ്റപ്പെടുത്താത് എന്തുകൊണ്ട്? ഗവാസ്‌കറുടെ ചോദ്യം

click me!