
ദുബായ്: ഐപിഎല്ലില്‍ (IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(Sunrisers Hyderabad) എട്ടു വിക്കറ്റിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 135 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ശിഖര്‍ ധവാന്‍റെയും ശ്രേയസ് അയ്യരുടെയും റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് അനായാസം ലക്ഷ്യത്തിലെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവുമായി 14 പോയന്‍റ് നേടിയാണ് ഡല്‍ഹി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. 12 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈരദാബാദ് 20 ഓവറില്‍ 134-9, ഡല്‍ഹി ക്യാപിറ്റല്‍സ് 17.5 ഓവറില്‍ 139-2.
തുടക്കത്തിലെ പൃഥ്വി മടങ്ങി, തകര്‍ത്തടിച്ച് ധവാനും അയ്യരും
പവര്‍ പ്ലേയില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷായെ(11) നഷ്ടമായെങ്കിലും ഡല്‍ഹിയുടെ കുതിപ്പ് തടയാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്കായില്ല. തുടക്കത്തില്‍ തകര്‍ത്തടിച്ച ശിഖര്‍ ധവാന്‍(37 പന്തില്‍ 42) ടീം സ്കോര്‍ 72ല്‍ നില്‍ക്കെ മടങ്ങിയെങ്കിലും ആക്രമണ ചുമതല ഏറ്റെടുത്ത ശ്രേയസ് അയ്യരും(41 പന്തില്‍ 47*) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിഷഭ് പന്തും(21 പന്തില്‍ 35*) ചേര്‍ന്ന് ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിച്ചു. 42 റണ്‍സെടുത്ത് പുറത്തായ ധവാന്‍ സീസണില്‍ 422 റണ്‍സുമായി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി. 380 റണ്‍സടിച്ച കെ എല്‍ രാഹുലിനെയാണ് ധവാന്‍ മറികടന്നത്. ആറ് ഫോറും ഒരു സിക്സും പറത്തിയാണ് ധവാന്‍ 42 റണ്‍സ് നേടിയത്.
നിലയുറപ്പിച്ചശേഷം തകര്‍ത്തടിച്ച അയ്യര്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തിയപ്പോള്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ റിഷഭ് പന്ത് മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയാണ് 35 റണ്‍സെടുത്തത്. നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 റണ്‍സെടുത്ത അബ്ദുള്‍ സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി കാഗിസോ റബാഡയും മൂന്നും ആന്‍റിച്ച് നോര്‍ട്യയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
തകര്‍ച്ചയോടെ തുടക്കം, പിടിച്ചു നില്‍ക്കാതെ വില്യംസണും
ടോസിലെ ഭാഗ്യം ഹൈദരാബാദിനെ ബാറ്റിംഗില്‍ തുണച്ചില്ല.മോശം ഫോമിനെത്തുടര്‍ന്ന് ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ക്യാപ്റ്റന്‍ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ ഡേവിഡ് വാര്‍ണര്‍(0) ആദ്യ ഓവറില്‍ നോര്‍ട്യക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് ഹൈദരാബാദിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സാഹയെ മടക്കി റബാഡ പവര്‍പ്ലേയിലെ ഹൈദരാബാദിന്‍റെ കുതിപ്പിന് തടയിട്ടു.
കൈവിട്ടുകളിച്ച് ഡല്‍ഹി; എന്നിട്ടും നിലയുറപ്പിക്കാതെ വില്യംസണ്‍
കെയ്ന്‍ വില്യംസണ്‍ നല്‍കിയ രണ്ട് അനായാസ അവസരങ്ങള്‍ റിഷഭ് പന്തും പൃഥ്വി ഷായും കൈവിട്ടെങ്കിലും വില്യംസണ് കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനായില്ല. റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ഹെറ്റ്മെയര്‍ വില്യംസണെ(18) ലോംഗ് ഓഫില്‍ പിടികൂടി.
നടുവൊടിച്ച് റബാഡയും നോര്‍ട്യയും
മുന്‍നിര മടങ്ങിയതിന് പിന്നാലെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മനീഷ് പാണ്ഡെയെ(17) റബാഡയും കേദാര്‍ ജാദവിനെ(3) നോര്‍ട്യയും മടക്കിയതോടെ ഹൈദരാബാദിന്‍റെ നടുവൊടിഞ്ഞു. ജേസണ്‍ ഹോള്‍ഡറെ(10) അക്സര്‍ പൃഥ്വി ഷായുടെ കൈകളിലെത്തിച്ചതോടെ ഹൈദരാബാദിന്‍റെ പോരാട്ടം കഴിഞ്ഞു. അവസാന ഓവറുകളില്‍ റാഷിദ് ഖാന്‍(19 പന്തില്‍ 22) നടത്തിയ വെടിക്കെട്ടാണ് ഹൈദരാബാദിനെ റണ്‍സിലെത്തിച്ചത്. വൈഡുകളും നോബോളുകളുമായിഎക്സ്ട്രാ ഇനത്തില്‍ 12 റണ്‍സ് സംഭാവന നല്‍കിയ ഡല്‍ഹി ബൗളര്‍മാരും ഹൈദരാബാദിനെ കൈയയച്ച് സഹായിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!