
അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം. അഞ്ച് കളികളിൽ നാല് ജയം വീതമുള്ള ഇരു ടീമുകളും സീസണിൽ മികച്ച ഫോമിലാണ്.
നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോൾ തോൽവി. അതും ആത്മവിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന തരത്തിൽ. കഴിഞ്ഞ കളിയിൽ ചെന്നൈയോട് വഴങ്ങിയ തോൽവിയുടെ ഭാരവുമായാണ് ബാംഗ്ലൂർ ഇന്ന് ഡൽഹിക്കെതിരെ ഇറങ്ങുന്നത്. ചെന്നൈ ഉയർത്തിയ 191 റൺസ് പിന്തുടർന്ന ബാംഗ്ലൂരിന് താങ്ങാവുന്നതിലും അധികമായിരുന്നു 69 റൺസിന്റെ തോൽവി.
അതിലുപരി അവരെ വേട്ടയാടുക അവസാന ഓവറിൽ വഴങ്ങേണ്ടി വന്ന 37 റൺസ്. അടിച്ചുപരത്തപ്പെട്ടതോ ടീമിലെ മികച്ച ബൗളർ. കോലിയും ദേവ്ദത്തും ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും അടങ്ങുന്ന മുൻനിര ഫോമിലാണെങ്കിലും മധ്യനിര അങ്ങനെയല്ല. ആദ്യ കിരീടം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ ആ പോരായ്‌മ ബാംഗ്ലൂരിന് പരിഹരിച്ചേ മതിയാകൂ.
മറുഭാഗത്ത് ഡൽഹി ഉഗ്രൻ ഫോമിലാണ്. സീസണിൽ തോറ്റത് രാജസ്ഥാനോട് മാത്രം. കഴിഞ്ഞ കളിയിലെ സൂപ്പർ ഓവർ ജയം ഇന്ന് ബാംഗ്ലൂരിനെ നേരിടുമ്പോൾ അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതേസമയം കുടുംബാംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ആർ അശ്വിൻ മടങ്ങിയത് ഡൽഹിയെ എത്രത്തോളം ബാധിക്കുമെന്നത് കണ്ടുതന്നെ അറിയണം.
കെയ്ൻ റിച്ചാർഡ്സന്റെയും ആഡം സാംപയുടെയും മടക്കം ബാഗ്ലൂരിനും തിരിച്ചടിയാണ്. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മത്സരം.
ക്യാപ്റ്റന്‍റെ ഇന്നിങ്‌സ് പുറത്തെടുത്ത് മോര്‍ഗന്‍; പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!