ഐപിഎല്‍ പ്ലേ ഓഫിന് കിവീസ് സൗന്ദര്യം, ഒറ്റയാനായി പോണ്ടിംഗ്; ഇത് ചരിത്രം

By Web TeamFirst Published Oct 10, 2021, 6:34 PM IST
Highlights

ഐപിഎല്‍ പതിനാലാം സീസണില്‍ കിരീട പ്രതീക്ഷയുള്ള നാല് ടീമുകളുടെ പരിശീലകരില്‍ മൂന്ന് പേര്‍ ന്യൂസിലന്‍ഡിൽ നിന്നാണ്

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പ്ലേ ഓഫിലെത്തിയ ടീമുകളിലെ പരിശീലകരില്‍ ന്യൂസിലന്‍ഡിന്‍റെ(New Zealand) ആധിപത്യം. കിരീട പ്രതീക്ഷയുള്ള നാല് ടീമുകളുടെ പരിശീലകരില്‍ മൂന്ന് പേര്‍ ന്യൂസിലന്‍ഡിൽ നിന്നാണ്. 

ആദ്യ സീസണിൽ സിഎസ്‌കെ താരവും പിന്നീടങ്ങോട്ട് സൂപ്പര്‍ പരിശീലകനുമാണ് സ്റ്റീഫന്‍ ഫ്ലെമിംഗ്. ഒത്തുകളി വിവാദത്തിൽ ചെന്നൈയെ വിലക്കിയപ്പോൾ ധോണിക്കൊപ്പം പൂനെയിലേക്ക് മാറിയ ഫ്ലെമിംഗ് മഞ്ഞപ്പടയുടെ തിരിച്ചുവരവില്‍ തന്ത്രങ്ങളുമായി ഒപ്പമുണ്ടായി. ഐപിഎല്ലിന്‍റെ കഴിഞ്ഞ യുഎഇ പതിപ്പില്‍ നിറംമങ്ങിയ സിഎസ്‌കെ വലിയ അഴിച്ചുപണിയില്ലാതെ തന്നെ പ്ലേ ഓഫിലെത്തിയെങ്കില്‍ നായകനൊപ്പം ഫ്ലെമിംഗിനും കിട്ടണം ക്രെഡിറ്റ്. ലോകത്തെ ഏറ്റവും മികച്ച നായകനെന്ന് സാക്ഷാൽ ഷെയ്‌‌ന്‍ വോൺ വിശേഷിപ്പിച്ച തന്ത്രശാലിയായിരുന്നു ന്യൂസിലന്‍ഡ് ജേഴ്‌സിയിൽ സ്റ്റീഫന്‍ ഫ്ലെമിംഗ്. 

ലോകകപ്പ് ഫൈനൽ വരെ ന്യൂസിലന്‍ഡിനെ എത്തിച്ച നായകനായിരുന്നു ബ്രെണ്ടന്‍ മക്കല്ലം. ഐപിഎല്ലിലെ പ്രഥമ മത്സരത്തിൽ തകര്‍ത്തടിച്ച കെകെആര്‍ താരം 2019ലാണ് നൈറ്റ് റൈഡേഴ്‌സിന്‍റെ പരിശീലകനായത്. വെങ്കടേഷ് അയ്യറിനെ പോലുള്ള യുവതാരങ്ങള്‍ ക്രീസില്‍ തകര്‍ത്തടിക്കുമ്പോള്‍ ആരെയും കൂസാത്ത മക്കല്ലം ശൈലിക്കുള്ള അംഗീകാരമായി കൂടി വിലയിരുത്താം. 

ന്യൂസിലന്‍ഡിന്‍റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകന്‍ മൈക്ക് ഹെസ്സന്‍ എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. കൗമാരപ്രതിഭകളെ കണ്ടെത്തുന്നതിലും വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നതിലും ശ്രദ്ധേയനായ ഹെസ്സന്‍റെ തന്ത്രങ്ങളാണ് ആര്‍സിബിയുടെ കരുത്ത്. നാലാം നമ്പറിൽ സ്ഥിരമായി അവസരം നൽകിയാൽ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാച്ച് വിന്നറാകുമെന്ന ഹെസ്സന്‍റെ വാക്കുവിശ്വസിച്ചാണ് ആര്‍സിബി താരലേലത്തിൽ 14.25 കോടി മുടക്കിയത്. സീസണില്‍ 500 റൺസിനടുത്ത് നേടിക്കഴിഞ്ഞ മാക്‌സ്‌വെല്‍, ഹെസ്സന്‍ പ്രവചിച്ചതുപോലെ ബാംഗ്ലൂരിന്റെ തലവര മാറ്റി. ആര്‍സിബി ഇക്കുറി ചാമ്പ്യന്മാരായാൽ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ഹെസ്സന്‍റെ പേര് വിരാട് കോലി നിര്‍ദ്ദേശിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. 

പ്ലേ ഓഫിലെത്തിയ ടീമുകളില്‍ ന്യൂസിലന്‍ഡുകാരനല്ലാത്ത പരിശീലകനുള്ളത് ഡൽഹി ക്യാപ്പിറ്റല്‍സിന് മാത്രമാണ്. ഡൽഹി ഡ്രസിംഗ് റൂമിലെ അവസാന വാക്ക് നായകന്‍ റിഷഭ് പന്ത് അല്ല, ഓസ്‌ട്രേലിയക്കാരനായ റിക്കി പോണ്ടിംഗ് എന്നത് പരസ്യമായ രഹസ്യമാണ്. മുംബൈ ഇന്ത്യന്‍സിനെ ഐപിഎൽ ചാമ്പ്യന്മാരാക്കിയ മാജിക്ക് ഡൽഹിയുടെ യുവനിരയിലൂടെ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ വിജയങ്ങള്‍ നേടിയ നായകന്‍ കൂടിയായ റിക്കി പോണ്ടിംഗ്. 

ഡല്‍ഹി-ചെന്നൈ ക്വാളിഫയര്‍: സിക്‌സര്‍ മുതല്‍ വിക്കറ്റ് വരെ; കണക്കിലെ ചില കൗതുകങ്ങള്‍

click me!