കെകെആറിന് ഫാസ്റ്റ് റിലീഫ്! ഫൈനല്‍ കളിക്കാന്‍ റസല്‍? ഏറ്റവും പുതിയ വിവരമിങ്ങനെ

Published : Oct 14, 2021, 12:35 PM ISTUpdated : Oct 14, 2021, 12:43 PM IST
കെകെആറിന് ഫാസ്റ്റ് റിലീഫ്! ഫൈനല്‍ കളിക്കാന്‍ റസല്‍? ഏറ്റവും പുതിയ വിവരമിങ്ങനെ

Synopsis

കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രക്ഷക വേഷത്തില്‍ സൂപ്പര്‍മാന്‍ ടീമില്‍ മടങ്ങിയെത്തുമോ എന്ന ചോദ്യമുയര്‍ത്തുകയാണ് കെകെആര്‍ ആരാധകര്‍

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ(IPL 2021) രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ഫൈനലിലെത്തിയെങ്കിലും മധ്യനിരയിലെ ബാറ്റിംഗ് തകര്‍ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) ആശങ്കയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) ദിനേശ് കാര്‍ത്തിക്, ഓയിന്‍ മോര്‍ഗന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ അക്കൗണ്ട് തുറന്നില്ല. നിതീഷ് റാണ നേടിയത് വെറും 13 റണ്‍സ്. ഇതോടെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ(Chennai Super Kings) രക്ഷക വേഷത്തില്‍ സൂപ്പര്‍മാന്‍ ടീമില്‍ മടങ്ങിയെത്തുമോ എന്ന ചോദ്യമുയര്‍ത്തുകയാണ് കെകെആര്‍ ആരാധകര്‍. ആരാധകര്‍ക്ക് അതിവേഗ ആശ്വാസം(Fast Relief) പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 

പരിക്കില്‍ നിന്ന് മുക്തനാകുന്ന ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ വെള്ളിയാഴ്‌ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഫൈനലില്‍ കളിച്ചേക്കും എന്നാണ് കെകെആര്‍ മുഖ്യ ഉപദേഷ്‌ടാവ് ഡേവിഡ് ഹസി നല്‍കുന്ന സൂചന. 'ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് റസല്‍ പന്തെറിഞ്ഞ് നോക്കിയിരുന്നു. അതിനാല്‍ ഫൈനല്‍ താരം കളിച്ചേക്കും' എന്നാണ് മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹസി വ്യക്തമാക്കിയത്. ഡല്‍ഹിക്കെതിരെ മധ്യനിര തകര്‍ന്നത് കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ ഹസി ബാറ്റര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

'ബാറ്റിംഗ് തകര്‍ച്ചയെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. കാരണം അവരെല്ലാം ക്ലാസ് താരങ്ങളാണ്. എങ്ങനെ കളിക്കണമെന്ന് അവര്‍ക്കറിയാം. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് ദുബായിലേക്ക് ഫൈനലിന് പോകുന്നത്. ജയത്തിന്‍റെ എല്ലാ ക്രഡിറ്റും നായകന്‍ ഓയിന്‍ മോര്‍ഗനാണ്. ദിനേശ് കാര്‍ത്തിക്കും ഷാക്കിബ് അല്‍ ഹസനും ദേശീയ ടീമിനായും ഫ്രാഞ്ചൈസിക്കായും എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളില്‍ മികവ് കാട്ടിയവരാണ്. അതിനാല്‍ അടുത്ത മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ' എന്നും ഡേവിഡ് ഹസി പറഞ്ഞു.

ഗ്രേഡ് 2 കാറ്റഗറിയില്‍പ്പെടുന്ന ഹാംസ്‌ട്രിങ് പരിക്ക് സംഭവിച്ച റസലിന് കെകെആറിന്‍റെ കഴിഞ്ഞ മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ റസല്‍ മെഡിക്കല്‍ സംഘത്തിനൊപ്പം കഠിന പ്രയത്നത്തിലാണ് എന്ന് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഐപിഎല്‍ പതിനാലാം സീസണില്‍ 10 മത്സരങ്ങള്‍ കളിച്ച റസല്‍ 11 വിക്കറ്റുകളാണ് നേടിയത്. 9.89 ഇക്കോണമി വഴങ്ങി. എന്നാല്‍ ബാറ്റ് കൊണ്ടുള്ള മോശം പ്രകടനം ഇതിനേക്കാള്‍ റസലിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 26.14 ശരാശരിയിലും 152.50 സ്‌ട്രൈക്ക് റേറ്റിലും 183 റണ്‍സേ താരത്തിനുള്ളൂ. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഈ സീസണില്‍ നേടാനായത്. ഐപിഎല്‍ കരിയറില്‍ 84 മത്സരങ്ങളില്‍ 1700 റണ്‍സും 72 വിക്കറ്റും റസലിനുണ്ട്. എന്നാല്‍ കലാശപ്പോരില്‍ റസല്‍ മടങ്ങിയെത്തുകയും ടീമിന്‍റെ രക്ഷകനാവുകയും ചെയ്യും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍