തുടക്കം മുതല്‍ അടിക്കാന്‍ പാടാണ്, ആര്‍സിബിയില്‍ അങ്ങനെയല്ല; മികച്ച ഫോമിന്റെ കാരണം പറഞ്ഞ് മാക്സ്‍വെല്‍

By Web TeamFirst Published Apr 15, 2021, 5:02 PM IST
Highlights

രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയക്കാരന്‍ 98 റണ്‍സ് നേടിക്കഴിഞ്ഞു. ഇതുവരെ അഞ്ച് സിക്‌സുകളും കണ്ടെത്തി.

ചെന്നൈ: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ മോശം പ്രകടനമായിരുന്നു ഗ്ലെന്‍ മാക്‌സവെല്ലിന്റേത്. പഞ്ചാബ് കിംഗ്‌സിനായി 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടാനായിരുന്നത്. ഒരു സിക്‌സ് പോലും താരത്തിന് അടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പഞ്ചാബ് മാക്‌സ്‌വെല്ലിനെ ഒഴിവാക്കി. ഇത്തവണ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ് മാക്‌സ്‌വെല്‍ കളിക്കുന്നത്. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയക്കാരന്‍ 98 റണ്‍സ് നേടിക്കഴിഞ്ഞു. ഇതുവരെ അഞ്ച് സിക്‌സുകളും കണ്ടെത്തി. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 59 റണ്‍സാണ് മാാക്‌സ്‌വെല്‍ നേടിയത്. 

ഇപ്പോള്‍ പുതിയ സീസണിലെ മികച്ച പ്രകടനത്തിന്റെ കാരണം വ്യക്തമാക്കുകയാണ് മാാക്‌സി. ''ബാംഗ്ലൂര്‍ ടീമിനൊപ്പം ലഭിക്കുന്ന ഫ്രീഡം മറ്റൊരു ഐപിഎല്‍ ഫ്രാഞ്ചൈസിയിലും എനിക്ക് ലഭിച്ചിട്ടില്ല. ഇവിടെ എനിക്ക് പ്രത്യേക റോള്‍ തന്നെ തന്നു. മറ്റു ടീമുകള്‍ എന്നോട് ആദ്യ പന്തുമുതല്‍ അടിച്ചുകളിക്കാനാണ് ആവശ്യപ്പെടാറ്. എന്നാല്‍ അക്കാര്യത്തില്‍ ഞാന്‍ മിടുക്കനല്ല.  എന്നാല്‍ ഇവിടെ അങ്ങനെയല്ല. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉള്ളതുകൊണ്ട് എനിക്ക് സമയമെടുത്ത് കളിക്കാന്‍ സാധിക്കുന്നുണ്ട്. 

ഓസ്‌ട്രേലിയന്‍ ടീമില്‍ ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യം ഞാനിവിടെ അനുഭവിക്കുന്നു. സപ്പോര്‍ട്ടിംഗ് സ്റ്റാഫും മികച്ച പിന്തുണ നല്‍കുന്നു.  ബാംഗ്ലൂരിനൊപ്പം ഞാന്‍ പരിചയസമ്പത്ത് ഉപയോഗിക്കുന്നു. കോലി നല്‍കുന്ന പിന്തുണ വലുതാണ്. ഇതെന്റെ നാലാമത്തെ ഐപിഎല്‍ ടീമാണ് ആ സമ്മര്‍ദ്ദം എനിക്കുണ്ട്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം.'' മാക്സ്വെല്‍ കൂട്ടിച്ചേര്‍ത്തു. 

ഹൈദരാബാദിനെതിരെ ആറ് റണ്‍സിന്റെ വിജയമാണ് ബാംഗ്ലൂര്‍ നേടിയത്. മറ്റുള്ള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ 59 റണ്‍സ് നേടിയ മാക്‌സിയാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്.

click me!