അയാളൊരു രാജ്യാന്തര താരമായിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല, ചെന്നൈ താരത്തിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

By Web TeamFirst Published Sep 20, 2021, 11:02 PM IST
Highlights

ആ പുറത്താകല്‍ കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. കാരണം പരിചയസമ്പന്നനായ ഒരു രാജ്യാന്തര താരം കളിക്കുന്നനതുപോലെയല്ല അദ്ദേഹം ബോള്‍ട്ടിന്‍റെ ബൗണ്‍സര്‍ കളിച്ചത്.

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ചെന്നൈ താരം സുരേഷ് റെയ്നയുടെ ബാറ്റിംഗിനെതിരെ ആഞ്ഞടിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. മുംബൈക്കെതിരെ ആറ് പന്തില്‍ നാലു റണ്‍സെടുത്ത് റെയ്ന പുറത്തായിരുന്നു.

റെയ്ന ആറു പന്തുകള്‍ നേരിടുന്നതു കണ്ടപ്പോള്‍ അയാളൊരും രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സ്കൂള്‍ കുട്ടികളെപോലെയാണ് റെയ്ന ബാറ്റ് ചെയ്തതെന്നും ഡെയ്ല്‍ സ്റ്റെയന്‍ പറഞ്ഞു. ബോള്‍ട്ട് മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാല്‍ ലെഗ് സൈഡില്‍ ഫീല്‍ഡൊരുക്കി ബോള്‍ട്ട് എറിഞ്ഞ ബൗണ്‍സറില്‍ കൃത്യമായും അയാള്‍ ബാറ്റുവെച്ച് പുറത്തായി.ആ പന്തില്‍ അതിലപ്പുറം അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ സമയം റെയ്നയൊരു സ്കൂള്‍ ക്രിക്കറ്ററെ ഓര്‍മിപ്പിച്ചുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

ആ പുറത്താകല്‍ കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. കാരണം പരിചയസമ്പന്നനായ ഒരു രാജ്യാന്തര താരം കളിക്കുന്നനതുപോലെയല്ല അദ്ദേഹം ബോള്‍ട്ടിന്‍റെ ബൗണ്‍സര്‍ കളിച്ചത്. അയാള്‍ക്ക് ആ പന്ത് സിക്സ് അടിക്കാമായിരുന്നു. ഞാനത് പറയാന്‍ പാടില്ല, എങ്കിലും അങ്ങനെയാണ് നമ്മള്‍ കാണാറുള്ളത്-സ്റ്റെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

മുംബൈക്കെതിരായ മത്സരത്തില്‍ അംബാട്ടി റായുഡു പരിക്കേറ്റ് മടങ്ങിയപ്പോഴാണ് റെയ്ന ക്രീസിലെത്തിയത്. റെയ്നയെ ഷോര്‍ട്ട് ബോളുകള്‍ കൊണ്ട് വരവേറ്റ ബോള്‍ട്ട് ശരിക്കും വെള്ളംകുടിപ്പിച്ചു. നേരിട്ട നാലാം പന്തില്‍ എഡ്ജ് ചെയ്ത് ബൗണ്ടറി നേടിയെങ്കിലും നേരിട്ട ആറാം പന്തില്‍ റെയ്ന പുറത്തായി.

മുംബൈക്കെതിരെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും റിതുരാജ് ഗെയ്ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ മുംബൈയെ 20 റണ്‍സിന് തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!