നൂറ് കടന്നത് കഷ്‌ടിച്ച്; സണ്‍റൈസേഴ്‌സിനെ എറിഞ്ഞ് തളര്‍ത്തി കെകെആര്‍; 116 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Oct 3, 2021, 9:06 PM IST
Highlights

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 115-8 എന്ന സ്‌കോറില്‍ കൊല്‍ക്കത്ത ഒതുക്കി

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) 116 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 115-8 എന്ന സ്‌കോറില്‍ കൊല്‍ക്കത്ത ഒതുക്കി. 26 റണ്‍സെടുത്ത നായകന്‍ കെയ്‌ന്‍ വില്യംസണാണ്(Kane Williamson) ടോപ് സ്‌കോറര്‍. 

തുടക്കം പാളി, ഒടുക്കവും

ആദ്യ ഓവറില്‍ തന്നെ പ്രഹരമേറ്റാണ് സണ്‍റൈസേഴ്‌സിന്‍റെ ഇന്നിംഗ്‌സ് തുടങ്ങിയത്. സൗത്തിയുടെ ഓവറിലെ രണ്ടാം പന്തില്‍ വൃദ്ധിമാന്‍ സാഹ ഗോള്‍ഡണ്‍ ഡക്കായി. മാവി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ ജേസന്‍ റോയി(10) സൗത്തിയുടെ കൈകളിലെത്തി. ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ നായകന്‍ കെയ്‌ന്‍ വില്യംസണെ(26) ഷാക്കിബ് റണ്ണൗട്ടാക്കിയതോടെ 38-3 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് മൂക്കുകുത്തി. 

അഞ്ചാമനായി ക്രീസിലെത്തിയ അഭിഷേക് ശര്‍മ്മയ്‌ക്കും പിടിച്ചുനില്‍ക്കാനായില്ല. 11-ാം ഓവറില്‍ ഷാക്കിബിനായിരുന്നു വിക്കറ്റ്. പ്രിയം ഗാര്‍ഗിന്റെ പോരാട്ടം 31 പന്തില്‍ 21ല്‍ അവസാനിച്ചു. കൂറ്റനടിക്കുള്ള ആയുസ് ജേസണ്‍ ഹോള്‍ഡര്‍ക്കുമുണ്ടായില്ല(8 പന്തില്‍ 2). വരുണിനായിരുന്നു ഇരു വിക്കറ്റുകളും. 17-ാം ഓവറില്‍ ചക്രവര്‍ത്തിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സുകള്‍ പറത്തിയ അബ്‌ദുള്‍ സമദ്(18 പന്തില്‍ 25) സൗത്തിയുടെ തൊട്ടടുത്ത ഓവറില്‍ ഗില്ലിന്‍റെ കൈകളില്‍ അവസാനിച്ചു. 

മാവിയുടെ 19-ാം ഓവറില്‍ റാഷിദ് ഖാന്‍(6 പന്തില്‍ 8) മടങ്ങി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സിദ്ധാര്‍ഥ് കൗളും(7*), ഭുവനേശ്വര്‍ കുമാറും(7*) പുറത്താകാതെ നിന്നു.  

ഒടുവില്‍ എത്തി ഷാക്കിബ്

ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി സന്ദീപ് ശര്‍മ്മയ്‌ക്ക് പകരം ഉമ്രാന്‍ മാലിക്കെത്തി. അതേസമയം കൊല്‍ക്കത്തയില്‍ ടിം സീഫെര്‍ട്ടിന് ഷാക്കിബ് അല്‍ ഹസന്‍ ഇടംപിടിച്ചു. 

കൊല്‍ക്കത്ത: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക്, സുനില്‍ നരെയ്‌ന്‍, ശിവം മാവി, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി. 

ഹൈദരാബാദ്: ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, സിദ്ധാര്‍ഥ് കൗള്‍. 

കൊല്‍ക്കത്തയ്‌ക്ക് ജയിച്ചേ തീരൂ

പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങിയിരിക്കുന്നത്. ഇന്ന് പരാജയപ്പെട്ടാല്‍ കൊല്‍ക്കത്തയുടെ സാധ്യതകള്‍ അവതാളത്തിലാവും. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ഫോം ഔട്ടാണ് കൊല്‍ക്കത്തയെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്‌നം. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയ ശേഷം ഒരിക്കല്‍ പോലും രണ്ടക്കം കാണാന്‍ മോര്‍ഗന് സാധിച്ചിട്ടില്ല. 

അതേസമയം മുന്നോട്ടുള്ള വഴിയടഞ്ഞവരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 11 മത്സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച കെയ്ന്‍ വില്യംസണും സംഘവും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 

പഞ്ചാബിന് ഇരുട്ടടി കൊടുത്ത് കോലിപ്പട; ആര്‍സിബി പ്ലേ ഓഫില്‍

click me!