പഞ്ചാബ് കിംഗ്‌സിന് കനത്ത തിരിച്ചടി; രാഹുലിന് ഐപിഎല്ലിന് നഷ്ടമായേക്കും

By Web TeamFirst Published May 2, 2021, 9:35 PM IST
Highlights

വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ചത്.

ദില്ലി: പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ശേഷിക്കുന്ന ഐപിഎഎല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ടീം മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ചത്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ഔദ്യോഗിക വിവരം പുറത്തുവിടുന്നത്. രാഹുലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് ഇന്ന് ടീമിനെ നയിച്ചത്.

വയറുവേദനയുള്ള കാര്യം രാഹുല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ ടീം മെഡിക്കല്‍ സംഘത്തെ അറിയിച്ചിരുന്നുവെന്ന് പഞ്ചാബ് കിംഗ്സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ''വയറുവേദനയുള്ള കാര്യം രാഹുല്‍ കഴിഞ്ഞ ദിവസം വ്യ്ക്തമാക്കിയിരുന്നു. പിന്നാലെ മരുന്നകല്‍ നല്‍കിയിരുന്നെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് വിശദമായ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് അപ്പെന്‍ഡിസൈറ്റിസാണെന്ന് വ്യക്തമാവുന്നത്. പിന്നാലെ ശസ്ത്രക്രിയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.'' പഞ്ചാബ് കിംഗ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ശസ്ത്രക്രിയയ്ക്കു ശേഷം താരം ഐപിഎല്ലിന് ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കളത്തിലേക്കു തിരിച്ചെത്തിയാലും താരം ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നേക്കും. ഈ സീസണില്‍ നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് രാഹുല്‍. ഏഴു മത്സരങ്ങളില്‍നിന്ന് 66.20 ശരാശരിയിലും 136.21 സ്‌ട്രൈക്ക് റേറ്റിലും 331 റണ്‍സാണ് സമ്പാദ്യം. ഇതില്‍ നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.

click me!