'ബുണ്ടസ്‌ലിഗയും പ്രീമിയര്‍ ലീഗും ഉദാഹരണം'; ഐപിഎല്ലിനെ പിന്തുണച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍ മോര്‍ഗന്‍

By Web TeamFirst Published Apr 27, 2021, 6:35 PM IST
Highlights

ബുണ്ടസ്‌ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം ഉദാഹരണമായെടുത്താണ് മോര്‍ഗന്‍ ഐപിഎല്‍ നടത്തിപ്പിനെ പിന്തുണച്ചത്. കൊവിഡ് വ്യാപനത്തിനിടയിലും ഐപിഎല്‍ ഭംഗിയാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. 

അഹമ്മദാബാദ്: താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിലും ഐപിഎല്ലിന് പിന്തുണയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ബുണ്ടസ്‌ലിഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവയെല്ലാം ഉദാഹരണമായെടുത്താണ് മോര്‍ഗന്‍ ഐപിഎല്‍ നടത്തിപ്പിനെ പിന്തുണച്ചത്. കൊവിഡ് വ്യാപനത്തിനിടയിലും ഐപിഎല്‍ ഭംഗിയാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ വെര്‍ച്ച്വല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കൂടിയായ മോര്‍ഗന്റെ വാക്കുകള്‍... ''ഇന്ത്യയിലെ കൊവിഡ് വ്യാപനം കാര്യമായി ഐപിഎല്‍ താരങ്ങളെ ബാധിച്ചില്ലെന്നുള്ളത് എടുത്ത് പറയേണ്ട കാര്യമാണ്. ഇത്തരം ശക്തമായ ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയേണ്ടി വരുന്നത് താരങ്ങളെ സുരക്ഷിതമായി നിര്‍ത്തുന്നു. ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യരും ബഹുമാനം അര്‍ഹിക്കുന്നു. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ഞങ്ങളും ലോക്ക്ഡൗണിലൂടെ കടന്നു പോയിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ എല്ലാവരേയും ഒരുമിപ്പിച്ച് നിര്‍ത്തി. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോടെ ആ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ഞങ്ങള്‍ക്കായി.

കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ പ്രാഥമിക ഘട്ടം അവസാനിച്ച ശേഷം ടിവിയില്‍ കണ്ട ആദ്യത്തെ കായികമത്സരം ന്യൂസിലന്‍ഡിലേയും ഓസ്‌ട്രേലിയയിലേയും റഗ്ബി ലീഗുകളായിരുന്നു. പിന്നാലെ, ബുണ്ടസ്‌ലിഗയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ആരംഭിച്ചു. ലോക്ക്ഡൗണിലും എങ്ങനെ കായികവിനോദങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാമെന്ന് ഇവയെല്ലാം തെളിയിച്ചു. അതുപോലെ ഐപിഎല്ലും പൂര്‍ത്തിയാക്കാവുന്നതേ ഉളളൂ.'' മോര്‍ഗന്‍ വ്യക്തമാക്കി. 

നേരത്തെ, കൊല്‍ക്കത്തയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ഓക്‌സിജന്‍ സിലിണ്ടറുടെ ലഭ്യത ഉറപ്പാക്കാനായി പിഎം ഫണ്ടിലേക്ക് 37 ലക്ഷം സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ആഡം സാപ, ആന്‍ഡ്രൂ ടൈ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

click me!