'അല്‍പം തല ഉപയോഗിക്കണമായിരുന്നു'; പൊള്ളാര്‍ഡിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇതിഹാസതാരം

By Web TeamFirst Published Sep 20, 2021, 3:02 PM IST
Highlights

മുംബൈ അനായായം ജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ  പവര്‍പ്ലേയില്‍ നാലിന് 24 എന്ന പരിതാപകരമായ നിലയിലായിരുന്നു.

ദുബായ്: ഐപിഎല്‍ രണ്ടാംപാതിയിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. മുംബൈ അനായായം ജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ  പവര്‍പ്ലേയില്‍ നാലിന് 24 എന്ന പരിതാപകരമായ നിലയിലായിരുന്നു. എന്നാല്‍ പുറത്താവാതെ 88 റണ്‍സ് നേടിയ റിതുരാജ് ഗെയ്കവാദ് ചെന്നൈ 156ലെത്തിച്ചു. 

സ്‌കോര്‍ പിന്തുടരാനിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ടിന് 136 റണ്‍സെടുക്കാനാണ് സാധിച്ചത്. അനായാസം മുംബൈ ജയിക്കേണ്ട മത്സരം കൈവിട്ടുപോയതിന്റെ കാരണം നികത്തുകയാണ് വിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ. മുംബൈ സ്പിന്നര്‍മാരെ ശരിയായി ഉപയോഗിച്ചില്ലെന്നാണ് ലാറ പറയുന്നത്. 

ലാറയുടെ വാക്കുകള്‍... ''മുംബൈ ഏറെ പരിക്കുകളില്ലാതെ ജയിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന് പലതും ചെയ്യാന്‍ കഴിഞ്ഞില്ല. ടീമിന് ആത്മവിശ്വാസം നല്‍കുന്നതില്‍ അദ്ദേഹം പിറകോട്ട് പോയി. ചെന്നൈയുടെ തിരിച്ചുവരവിന് കാരണവും ഇതുതന്നെ. മുംബൈ ബൗളര്‍മാരെ പഴിക്കാനാവില്ല. 

എന്നാല്‍ ഉപയോഗിച്ച രീതി ശരിയായില്ല. ബൗളര്‍മാരെ അല്‍പം ഫലപ്രദമായി ഉപയോഗിക്കാമായിരുന്നു. രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ അവരെ എവിടെ ഉപയോഗിക്കണമെന്ന് ക്യാപ്റ്റന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. അല്‍പം തല ഉപയോഗിച്ചിരുന്നെങ്കില്‍ ചെന്നൈ ഒരിക്കലും 156 റണ്‍സ് നേടില്ലായിരുന്നു.'' ലാറ വ്യക്താക്കി.

ജയത്തോടെ ചെന്നൈക്ക് രണ്ട് പോയിന്റ് ലഭിച്ചു. അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 12 പോയിന്റാണ് മുംബൈക്കുള്ളത്. ഡല്‍ഹി കാപിറ്റല്‍സിനും ഇത്രതന്നെ പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ ചെന്നൈയാണ് മുന്നില്‍.

click me!