പാണ്ഡ്യ-പൊള്ളാര്‍ഡ് ഫിനിഷിംഗ്; പഞ്ചാബിന് മേല്‍ മുംബൈക്ക് ആവേശ ജയം

By Web TeamFirst Published Sep 28, 2021, 11:18 PM IST
Highlights

അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടാണ് മുംബൈയെ ജയത്തിലെത്തിച്ചത്

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരെ(Punjab Kings) മുംബൈ ഇന്ത്യന്‍സിന്(Mumbai Indians) ആറ് വിക്കറ്റ് ജയം. പഞ്ചാബ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മുംബൈ നേടി. അവസാന ഓവറുകളിലെ ഹര്‍ദിക് പാണ്ഡ്യ(Hardik Pandya)- കീറോണ്‍ പൊള്ളാര്‍ഡ്(Kieron Pollard) വെടിക്കെട്ടാണ് മുംബൈയെ ജയത്തിലെത്തിച്ചത്. ജയത്തോടെ 10 പോയിന്‍റുമായി മുംബൈ അഞ്ചാം സ്ഥാനത്തേക്ക് ചേക്കേറിയപ്പോള്‍ എട്ട് പോയിന്‍റുള്ള പഞ്ചാബ് തൊട്ടുപിന്നിലാണ്. 

പാണ്ഡ്യ-പൊള്ളാര്‍ഡ് പൂരം

മറുപടി ബാറ്റിംഗില്‍ മുംബൈക്ക് അതേ നാണയത്തില്‍ പഞ്ചാബ് തിരിച്ചടി നല്‍കുന്നതാണ് തുടക്കത്തില്‍ കണ്ടത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയ് നായകന്‍ രോഹിത് ശര്‍മ്മയെ(10 പന്തില്‍ 8) മന്ദീപിന്‍റെ കൈകളിലാക്കി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവിനെ(0) ബൗള്‍ഡാക്കി ബിഷ്‌ണോയ് ഇരട്ട പ്രഹരം മുംബൈക്ക് നല്‍കി. എന്നാല്‍ ഹാട്രിക് പന്തില്‍ സൗരഭ് തിവാരി സിംഗിള്‍ നേടി. ഡികോക്ക്-തിവാരി സഖ്യത്തിന്‍റെ പോരാട്ടം 45 റണ്‍സ് കൂട്ടുകെട്ടില്‍ അവസാനിച്ചു. 29 പന്തില്‍ 27 റണ്‍സെടുത്ത ഡികോക്കിനെ 10-ാം ഓവറില്‍ ഷമി ബൗള്‍ഡാക്കി.  

നിലയുറപ്പിക്കാന്‍ ശ്രമിച്ച തിവാരിയെ 37 പന്തില്‍ 45 റണ്‍സെടുത്ത് നില്‍ക്കേ എല്ലിസ് രാഹുലിന്‍റെ കൈകളിലെത്തിച്ചതോടെ പഞ്ചാബിന് ചെറിയ പ്രതീക്ഷയായി. എന്നാല്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഹര്‍ദിക് പാണ്ഡ്യയും(30 പന്തില്‍ 40*), കീറോണ്‍ പൊള്ളാര്‍ഡും(7 പന്തില്‍ 15*) പഞ്ചാബ് ബൗളര്‍മാരെ അനായാസം പറത്തി മുംബൈയെ ജയത്തിലെത്തിച്ചു. 

മര്‍ക്രാം മാത്രം മികച്ചുനിന്നു

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നില മെച്ചപ്പെടുത്തിയെങ്കിലും മികച്ച സ്‌കോറിലെത്താന്‍ പഞ്ചാബ് കിംഗ്‌സിനെ മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഒരവസരത്തില്‍ 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുമ്രയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി. 

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് വന്‍ ബാറ്റിംഗ് ദുരന്തമാണ് ആദ്യ എട്ട് ഓവറുകള്‍ക്കിടെ നേരിടേണ്ടവന്നത്. അഞ്ച് ഓവറുകളില്‍ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായിരുന്നു. എന്നാല്‍ ആറാം ഓവറിലെ രണ്ടാം പന്തില്‍ മന്ദീപ് സിംഗിനെ(14 പന്തില്‍ 15) ക്രുനാല്‍ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. പൊള്ളാര്‍ഡിന്‍റെ തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയ്‌ലും(4 പന്തില്‍ 1), കെ എല്‍ രാഹുലും(22 പന്തില്‍ 21) ക്യാച്ചുകളില്‍ മടങ്ങി. ബുമ്ര എറിഞ്ഞ എട്ടാം ഓവറില്‍ നിക്കോളാസ് പുരാനും(3 പന്തില്‍ 2) വീണു. 

ആഘാതത്തില്‍ നിന്ന് പതുക്കെ കരകയറാനുള്ള ത്രാണിയെ ക്രീസിലൊന്നിച്ച എയ്‌ഡന്‍ മര്‍ക്രാമിനും ദീപക് ഹൂഡയ്‌ക്കുമുണ്ടായിരുന്നുള്ളൂ. 61 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും പഞ്ചാബിന് ശ്വാസം നല്‍കി. 29 പന്തില്‍ 42 റണ്‍സെടുത്ത മര്‍ക്രാമാണ് ആദ്യം പുറത്തായത്. രാഹുല്‍ ചഹാറിനായിരുന്നു വിക്കറ്റ്. 26 പന്തില്‍ 28 റണ്‍സെടുത്ത ഹൂഡ ബുമ്രയുടെ 19-ാം ഓവറില്‍ പുറത്തായി. എന്നാല്‍ ഹര്‍പ്രീത് ബ്രാറും(6*), നേഥന്‍ എല്ലിസും(14*) പുറത്താവാതെ നിന്നു. അവസാന ഓവറുകളില്‍ ബുമ്രയും കോള്‍ട്ടര്‍ നൈലും കൂറ്റനടികള്‍ക്ക് പഞ്ചാബിനെ അനുവദിച്ചില്ല. 

പതിനായിരത്തിലേറെ റണ്‍സും 300 വിക്കറ്റും; ടി20യില്‍ പൊള്ളാര്‍ഡിന് അപൂര്‍വ ഡബിള്‍

click me!