
അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) പഞ്ചാബ് കിംഗ്‌സ്(Punjab Kings)- മുംബൈ ഇന്ത്യന്‍സ്(Mumbai Indians) മത്സരം സാക്ഷിയായത് സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പിന്‍റെ അസുലഭ നിമിഷത്തിന്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്(KL Rahul) എതിരായ റണ്ണൗട്ട് അപ്പീല്‍ രോഹിത്തും(Rohit Sharma), ക്രുനാലും(Krunal Pandya) ചേര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
ഐപിഎല്‍ 2021: അശ്വിനും സൗത്തിയും ചൂടേറിയ വാക്കുതര്‍ക്കം; രംഗം ശാന്തമാക്കി കാര്‍ത്തിക്- വീഡിയോ
പഞ്ചാബ് കിംഗ്‌സ് ഇന്നിംഗ്‌സിലെ ആറാം ഓവറിലായിരുന്നു സംഭവം. ക്രുനാല്‍ പാണ്ഡ്യയുടെ അവസാന പന്തില്‍ സിംഗിള്‍ എടുക്കാനായിരുന്നു ക്രിസ് ഗെയ്‌ലിന്‍റെ ശ്രമം. എന്നാല്‍ നോണ്‍സ്‌ട്രൈക്കര്‍ കെ എല്‍ രാഹുലില്‍ തട്ടി പന്ത് ക്രുനാലിന്‍റെ കൈകളിലെത്തി. ക്രുനാല്‍ ഓടിയടുത്ത് രാഹുലിന്‍റെ സ്റ്റംപ് തെറിപ്പിക്കുകയും അപ്പീല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുമായുള്ള ചെറിയ സംഭാഷണത്തിന് ശേഷം ക്രുനാല്‍ അപ്പീല്‍ പിന്‍വലിച്ചു.
സംഭവത്തില്‍ വലിയ കയ്യടിയാണ് ക്രുനാലിനും രോഹിത്തിനും ലഭിച്ചത്. കളിക്കളത്തില്‍ അഗ്രസീവ് സ്വഭാവക്കാരനെന്ന പഴി ഇതിലൂടെ മാറ്റുകയും ചെയ്തു ക്രുനാല്‍ പാണ്ഡ്യ. അപ്പീല്‍ പിന്‍വലിച്ച മുംബൈ താരങ്ങള്‍ക്ക് രാഹുല്‍ നന്ദി പറയുന്നത് മൈതാനത്ത് കാണാനായി. അതേസമയം ലഭിച്ച ആനുകൂല്യം മുതലാക്കി മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിക്കാന്‍ കെ എല്‍ രാഹുലിനായില്ല. സംഭവം നടക്കുമ്പോള്‍ 20 റണ്‍സിലായിരുന്ന രാഹുല്‍ ഒരു റണ്‍സ് കൂടി മാത്രം തന്‍റെ അക്കൗണ്ടില്‍ ചേര്‍ത്ത് മടങ്ങി.
മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ-കീറോണ്‍ പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. പഞ്ചാബ് മുന്നോട്ടുവെച്ച 136 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ മുംബൈ നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യ 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 40 റണ്‍സും പൊള്ളാര്‍ഡ് 7 പന്തില്‍ ഓരോ സിക്‌സറും ഫോറുമായി 15 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഒരവസരത്തില്‍ 48-4 എന്ന നിലയിലായിരുന്ന പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സെടുത്തു. 29 പന്തില്‍ 42 റണ്‍സെടുത്ത എയ്‌ഡന്‍ മര്‍ക്രാമാണ് ടോപ് സ്‌കോറര്‍. ഹൂഡ 28 ഉം രാഹുല്‍ 21 ഉം മന്ദീപ് 15 ഉം ബ്രാര്‍ 14* ഉം റണ്‍സെടുത്തു. മുംബൈക്കായി ബുമ്രയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രുനാലും ചഹാറും ഓരോ വിക്കറ്റും നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!