ദുബെ- തിവാട്ടിയ രക്ഷയ്‌ക്കെത്തി; ആര്‍സിബിക്കെതിരെ രാജസ്ഥാന് മികച്ച സ്‌കോര്‍

By Web TeamFirst Published Apr 22, 2021, 9:29 PM IST
Highlights

സഞ്ജു സാംസണ്‍ (18 ന്തില്‍ 21) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. റിയാന്‍ പരാഗ് (16 പന്തില്‍ 25), രാഹുല്‍ തിവാട്ടിയ (23 പന്തില്‍ 40) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
 

മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ശിവം ദുബെയുടെ (32 പന്തില്‍ 46) ഇന്നിങ്‌സാണ് തുണയായത്. സഞ്ജു സാംസണ്‍ (18 ന്തില്‍ 21) തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. റിയാന്‍ പരാഗ് (16 പന്തില്‍ 25), രാഹുല്‍ തിവാട്ടിയ (23 പന്തില്‍ 40) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒമ്പത് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. മുഹമ്മദ് സിറാജ് ആര്‍സിബിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍.

ആദ്യ പ്രഹരം സിറാജിന്റെ വക

മൂന്നാം ഓവറിന്റെ മൂന്നാം പന്തിലാണ് ബട്‌ലര്‍ മടങ്ങുന്നത്. 14 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ ഓവറില്‍ സിറാജിനെതിരെ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു ബട്‌ലര്‍. എന്നാല്‍ സിറാജ് തന്നെ താരത്തിന്റെ വിക്കറ്റ് തെറിപ്പിച്ചു. പിറകോട്ട് മാറി കവറിലൂടെ കളിക്കാനുള്ള ശ്രമത്തില്‍ ബട്‌ലര്‍ മടങ്ങി. പിന്നാലെ കെയ്ല്‍ ജാമിസണും വിക്കറ്റ് നേട്ടത്തില്‍ പങ്കാളിയായി. തന്റെ രണ്ടാം ഓവറില്‍ വോഹ്‌റയെ ജാമിസണ്‍ മടക്കുകയായിരുന്നു. ജാമിസണിനെ ലോങ്ഓണിലൂടെ കളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മിഡ് ഓണില്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് ക്യാച്ച്. മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോഴും സിറാജ് വിക്കറ്റ് വീഴ്ത്തി. ഇത്തവണ ഡേവിഡ് മില്ലറാണ് പവലിയനില്‍ തിരിച്ചെത്തിയത്. സിറാജിന്റെ യോര്‍ക്കറില്‍ വിക്കറ്റിന്് മുന്നില്‍ കുടുങ്ങുകയായിരുന്നു മില്ലര്‍. 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണ പ്രതീക്ഷയോടെ തുടങ്ങിയ ശേഷമാണ് സഞ്ജു പവലിയനില്‍ തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ശേഷം 4, 1 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍ ഇന്ന് നേടിയത് 21 റണ്‍സും. രണ്ട് ഫോറും ഒരു സിക്‌സും നേടി ആത്മവിശ്വാസത്തിലായിരുന്നു സഞ്ജു. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിനെ സിക്‌സടിച്ച ശേഷമുള്ള അടുത്ത പന്തില്‍ താരം പുറത്തായി. ഗ്ലെന്‍ മാക്‌സവെല്ലിന് ക്യാച്ച്. 

ദുബെ- തിവാട്ടിയ ഫോമില്‍

നിര്‍ണായക സമയത്ത് ശിവം ദുബെ ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ളത് രാജസ്ഥാന് ആശ്വാസമായി. 32 പന്തുകള്‍ നേരിട്ട് ദുബെ രണ്ട് സിക്‌സും അഞ്ച് ഫോറും കണ്ടെത്തി. റിയാന്‍ പരാഗിനൊപ്പം (16 പന്തില്‍ 25) കൂട്ടിച്ചേര്‍ത്ത 66 റണ്‍സ് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. പരാഗ് മടങ്ങിയെങ്കിലും തെവാട്ടിയയും നിര്‍ണായക സന്ദര്‍ഭത്തില്‍ ഫോമിലെത്തി. ദുബെ- തിവാട്ടിയ സഖ്യം 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ദുബെ കെയ്ന്‍ റിച്ചാര്‍ഡസണിന്റെ പന്തില്‍ പുറത്തായി. തിവാട്ടിയ അല്‍പനേരം കൂടി പിടിച്ചുനിന്നു. ക്രിസ് മോറിസിനൊപ്പം 37 റണ്‍സ് ചേര്‍ത്താണ് തിവാട്ടിയ മടങ്ങിയത്. സിറാജിനെതിരെ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ ഷഹബാസിന് ക്യാച്ച് നല്‍കുകയായിരുന്നു. താരം മടങ്ങുമ്പോള്‍ ഏഴിന് 170 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഇതേ സ്‌കോറില്‍ മോറിസ് (10), ചേതന്‍ സക്‌റിയ (0) എന്നിവരും മടങ്ങി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ശ്രേയാസ് ഗോപാല്‍ (4 പന്തില്‍ പുറത്താവാതെ 7) സിക്‌സ് നേടിയതോടെയാണ് സ്്‌കോര്‍ 175 കടന്നത്. മുസ്തഫിസുര്‍ (0) പുറത്താവാത നിന്നു. 

ഇരുടീമിലും മാറ്റങ്ങള്‍

അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. രജത് പടിധാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ ടീമിലെത്തി. രാജസ്ഥാനും ഒരു മാറ്റം വരുത്തി. ജയ്ദേവ് ഉനദ്ഘടിന് പകരം ശ്രേയാസ് ഗോപാല്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സഞ്ജു സാസണും സംഘവും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് ബാംഗ്ലൂര്‍. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി രണ്ടാമതാണ് കോലിപ്പട.

ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, മനന്‍ വോഹ്റ, ജോസ് ബട്ലര്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ശ്രേയാസ് ഗോപാല്‍, മുസ്തഫിസുര്‍ റഹ്‌മാന്‍.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കെയ്ല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.

click me!