രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി; ആർച്ചർ ഈ സീസണിൽ കളിക്കില്ല, വിമര്‍ശനം ശക്തം

By Web TeamFirst Published Apr 24, 2021, 10:34 AM IST
Highlights

ജോഫ്ര ആർച്ചർ ഈ സീസണിൽ കളിക്കാനെത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ പോയിൻറ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. പരിക്കിനെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ സ്റ്റാര്‍ പേസര്‍ ജോഫ്ര ആർച്ചർ ഈ സീസണിൽ കളിക്കാനെത്തില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിൻറെ തുറുപ്പുചീട്ടാകുമെന്ന് കരുതിയ ബൗളറാണ് ജോഫ്ര ആർച്ചർ. ഐപിഎല്ലിന് തൊട്ടുമുമ്പ് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കിടെ ആർച്ചർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വലതുകൈമുട്ടിനേറ്റ പരിക്കായിരുന്നു തിരിച്ചടിയായത്. പരിക്ക് ഭേദമായി ആർച്ചറിന് ടീമിനൊപ്പം ചേരാനാകുമെന്നായിരുന്നു രാജസ്ഥാൻ റോയൽസിൻറെ പ്രതീക്ഷ. 

എന്നാൽ ആർച്ചർ പൂർണ്ണമായും കളിക്കാൻ പറ്റിയ അവസ്ഥയിൽ ആയിട്ടില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതിനാൽ ഐപിഎല്ലില്‍ ഈ സീസണിൽ കളിക്കാൻ താരം ഇന്ത്യയിലേക്കില്ലെന്നും ഇസിബി വ്യക്തമാക്കി. എന്നാല്‍ ട്വൻറി 20 ലോകകപ്പ്, ആഷസ് പരമ്പര എന്നിവ മുന്നിൽക്കണ്ടാണ് ഈ തീരുമാനമെന്ന് ക്രിക്കറ്റ് ലോകത്ത് വിമർശനം ശക്തമാണ്. 

ഇതോടെ മൂന്ന് ഇംഗ്ലണ്ട് താരങ്ങളുടെ സേവനമാണ് ഈ സീസണിൽ രാജസ്ഥാന് നഷ്ടമാകുന്നത്. കൈവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ബയോ സെക്യുർ ബബിളിലെ സമ്മർദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും ഇംഗ്ലണ്ടിലേക്ക് പോയിരുന്നു.

 

click me!