സര്‍ ജഡേജ അല്ല; ജഡ്ഡുവിന് മറ്റൊരു ഓമനപ്പേരും! അതും ഇതിഹാസ താരത്തിന്‍റെ പേരില്‍

By Web TeamFirst Published Apr 26, 2021, 12:21 PM IST
Highlights

ജഡേജയുടെ ത്രീ ഡയമെന്‍ഷനല്‍ പ്രകടനത്തിന് പിന്നാലെയുള്ള പ്രശംസാ ട്വീറ്റിലാണ് ടീം ഇന്ത്യന്‍ പരിശീലകന്‍റെ വാക്കുകള്‍. 
 

മുംബൈ: ഐപിഎല്ലില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ചെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 69 റണ്‍സിന് തകര്‍ത്തുവിട്ടത് രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിലായിരുന്നു. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മാസായി ജഡ്ഡു എതിര്‍ ടീം നായകന്‍ വിരാട് കോലിയുടെ വരെ പ്രശംസ പിടിച്ചുപറ്റി. ജഡേജയെ പ്രശംസിച്ച് ടീം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രിയുമെത്തി. 

എന്നാല്‍ ജഡേജയുടെ ആരാധകര്‍ക്കറിയാത്ത ഒരു വിളിപ്പേര് വെളിപ്പെടുത്തിയായിരുന്നു ശാസ്‌ത്രിയുടെ ട്വീറ്റ്. സര്‍ ജഡേജ, ജഡ്ഡു എന്നൊക്കെ താരത്തെ വിളിക്കുന്നത് നാം കേട്ടിട്ടുണ്ട് എങ്കിലും ശാസ്‌ത്രിക്കും കൂട്ടര്‍ക്കും ഇഷ്‌ടം 'ഗാരി ജഡേജ' എന്ന് വിളിക്കാനാണ്. ഇന്ത്യയുടെ ഗാരി സോബോഴ്‌സ് എന്നാണ് ഈ വിശേഷണത്തിന് അര്‍ഥം. ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായി വാഴ്‌ത്തപ്പെടുന്ന താരമാണ് സര്‍ ഗാരി സോബേഴ്‌സ്. 

ബാംഗ്ലൂരിനെതിരെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു ഓള്‍റൗണ്ടറുടെ വിസ്‌മയ പ്രകടനങ്ങളിലൊന്നാണ് ജഡേജ പുറത്തെടുത്തത്. 28 പന്തില്‍ പുറത്താകാതെ 62 റണ്‍സെടുത്തപ്പോള്‍ ഹര്‍ഷാല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ മാത്രം അഞ്ച് സിക്‌സറുകള്‍ സഹിതം 37 റണ്‍സ് ജഡ്ഡു അടിച്ചുകൂട്ടി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം ഒരോവറിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 

അവിടംകൊണ്ട് ജഡേജ മാജിക് അവസാനിച്ചില്ല. പിന്നാലെ നാല് ഓവര്‍ പന്തെറിഞ്ഞ താരം 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അപകടകാരികളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരെ പുറത്താക്കി. മാക്‌സ്‌വെല്ലും ഡിവില്ലിയേഴ്‌സും ബൗള്‍ഡാവുകയായിരുന്നു. ഇതുകൂടാതെ ഡാനിയേല്‍ ക്രിസ്റ്റ്യനെ റണ്ണൗട്ടാക്കുകയും ചെയ്തു. 

62 റണ്‍സ്, മൂന്ന് വിക്കറ്റ്, ഒരു റണ്ണൗട്ട്... ജഡ്ഡു ഷോയില്‍ മരവിച്ച് കോലിപ്പട; ചെന്നൈയ്ക്ക് ജയം 

click me!