ബാംഗ്ലൂരിനെതിരായ തോല്‍വിക്കുശേഷം കരച്ചിലിന്‍റെ വക്കോളമെത്തി ഇഷാന്‍ കിഷന്‍; ചേര്‍ത്തുപിടിച്ച് കോലി

By Web TeamFirst Published Sep 27, 2021, 10:10 AM IST
Highlights

കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമിലായിരുന്ന ഇഷാന്‍ മുംബൈക്കായി 516 റണ്‍സടിച്ചിരുന്നു. ഈ പ്രകടനം ഇഷാനെ ഇന്ത്യന്‍ ടീമീലുമെത്തിച്ചു. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച ഇഷാന്‍ ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമെത്തിയെങ്കിലും ഇഷാന് ഇത്തവണ ഐപിഎല്ലില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല.

ദുബായ്: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ(Royal Challengers Banglore) വമ്പന്‍ തോല്‍വിയില്‍ നിരാശനായി കരച്ചിലിന്‍റെ വക്കോളമെത്തി ഗ്രൗണ്ടില്‍ നിന്ന മുംബൈ ഇന്ത്യന്‍സ്(Mumbai Indians) താരം ഇഷാന്‍ കിഷനെ(Ishan Kishan) ആശ്വസിപ്പിച്ച് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി(Virat Kohli). ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഇഷാന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല.

കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമിലായിരുന്ന ഇഷാന്‍ മുംബൈക്കായി 516 റണ്‍സടിച്ചിരുന്നു. ഈ പ്രകടനം ഇഷാനെ ഇന്ത്യന്‍ ടീമീലുമെത്തിച്ചു. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി കളിച്ച ഇഷാന്‍ ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. തുടര്‍ന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമെത്തിയെങ്കിലും ഇഷാന് ഇത്തവണ ഐപിഎല്ലില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. സീസണില്‍ മുംബൈക്കായി കളിച്ച എട്ട് കളികളില്‍ 107 റണ്‍സ്  മാത്രമാണ് ഇഷാന്‍റെ നേട്ടം. ഒറ്റ അര്‍ധസെഞ്ചുറിപോലും ഇത്തവണ ഇഷാന് നേടാനുമായിട്ടില്ല.

ഞായറാഴ്ച ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് ഇഷാന്‍ പുറത്തായിരുന്നു. ബാംഗ്ലൂരിനെതിരായ 54 റണ്‍സിന്‍റെ കനത്ത തോല്‍വിക്കുശേഷം നിരാശനായി ഗ്രൗണ്ടില്‍ നിന്ന ഇഷാനെ ബാംഗ്ലൂര്‍ നായകന്‍ അടുത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു. ഇഷാനുമായി ദീര്‍ഘനേരം സംസാരിച്ച കോലി യുവതാരത്തെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും പ്രചോദിപ്പികുന്നതും കാണാമായിരുന്നു.

Ishu almost cried 😕 pic.twitter.com/82LUj7GVcg

— Neil💫 (@RohitsBoy)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ബാക്ക് അപ്പ് ഓപ്പണര്‍ എന്ന നിലയിലാണ് സഞ്ജു സാംസണ്‍ അടക്കമുള്ളവരെ മറികടന്ന് ഇഷാന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത്. എന്നാല്‍ സീസണില്‍ സഞ്ജു മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുകയും ഇഷാന്‍ നിരാശപ്പെടുത്തുകയും ചെയ്തതോടെ മികച്ച പ്രകടനം പുറത്തെടുക്കാനും ടി20 ലോകകപ്പിലെ സ്ഥാനം ന്യായീകരിക്കാനും യുവതാരത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്.

എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ കിഷന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ട് മുംബൈ നായകന്‍ രോഹിത് ശര്‍മ മത്സരശേഷം നിഷേധിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍  മികച്ച പ്രകടനം പുറത്തെടുക്കാനാഗ്രഹിക്കുന്ന യുവതാരത്തിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നും മത്സരശേഷം രോഹിത് ശര്‍മ പറഞ്ഞു.

ഇഷാന്‍ കിഷന്‍ പ്രതിഭാധനനായ കളിക്കാരനാണെന്നും അദ്ദേഹത്തിന്‍റെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാനുള്ള സാഹചര്യമൊരുക്കാനാണ് ടീം എപ്പോഴും ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ബാറ്റിംഗ് ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവിന് മുകളില്‍ കിഷനെ ഇറക്കുന്നതെന്നും രോഹിത് പറഞ്ഞു.

click me!