കോലിക്കും മാക്‌സ്‌വെല്ലിനും ഫിഫ്റ്റി; മുംബൈക്കെതിരെ ആര്‍സിബിക്ക് മാന്യമായ സ്‌കോര്‍

By Web TeamFirst Published Sep 26, 2021, 9:20 PM IST
Highlights

ആര്‍സിബിക്കായി നായകന്‍ വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും അര്‍ധ സെഞ്ചുറി കണ്ടെത്തി

ദുബായ്: ഐപിഎല്ലില്‍(IPL 2021) കോലി-രോഹിത് പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്(Royal Challengers Bangalore) മാന്യമായ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ ആറ് വിക്കറ്റിന് 165 റണ്‍സെടുത്തു. ആര്‍സിബിക്കായി നായകന്‍ വിരാട് കോലിയും(Virat Kohli), ഗ്ലെന്‍ മാക്‌സ്‌വെല്ലും(Glenn Maxwell) അര്‍ധ സെഞ്ചുറി കണ്ടെത്തി. അവസാന രണ്ട് ഓവറില്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയതാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് തടുത്തത്. 

ആര്‍സിബിയുടെ ഇന്നിംഗ്‌സില്‍ ബുമ്രയുടെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ദേവ്‌ദത്ത് പടിക്കല്‍ അക്കൗണ്ട് തുറക്കാതെ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതും തകര്‍പ്പനടികളുമായി 68 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ സൂര്യകുമാറിന്‍റെ കൈകളില്‍ ഭരത് എത്തിയതോടെയാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. ഭരത് 24 പന്തില്‍ രണ്ട് വീതം സിക്‌സറും ഫോറും സഹിതം 32 റണ്‍സ് നേടി. 

കോലിക്കൊപ്പം ചേര്‍ന്ന മാക്‌സ്‌വെല്‍ താളം കണ്ടെത്തിയതോടെ 13-ാം ഓവറില്‍ ആര്‍സിബി 100 കടന്നു. കോലി 40 പന്തില്‍ ഫിഫ്റ്റി കണ്ടെത്തി. എന്നാല്‍ തൊട്ടുപിന്നാലെ കോലിയെ(42 പന്തില്‍ 51) മില്‍നെ പുറത്താക്കി. മൂന്ന് വീതം സിക്‌സറും ഫോറും കോലിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വൈകാതെ 33 പന്തില്‍ മാക്‌സ്‌വെല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി.

എന്നാല്‍ 19, 20 ഓവറുകളില്‍ ബുമ്രയും ബോള്‍ട്ടും മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 19-ാം ഓവര്‍ എറിയാനെത്തിയ ജസ്‌പ്രീത് ബുമ്ര അടുത്ത പന്തുകളില്‍ മാക്‌സ്‌വെല്ലിനെയും(37 പന്തില്‍ 56) എബിഡിയെയും(6 പന്തില്‍ 11) പറഞ്ഞയച്ചു. അവസാന ഓവറില്‍ ബോള്‍ട്ട് ഷഹ്‌ബാസ് അഹമ്മദിനെ(3 പന്തില്‍ 1) മടക്കി. ഡാനിയേല്‍ ക്രിസ്റ്റ്യനും(1), കെയ്‌ല്‍ ജാമീസണും(2) പുറത്താകാതെ നിന്നു. 

ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൗരഭ് തിവാരിക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവാണ് മുംബൈ നിരയില്‍ ശ്രദ്ധേയം. അതേസമയം കോലിയുടെ ആര്‍സിബി മൂന്ന് മാറ്റങ്ങള്‍ വരുത്തി. നവ്‌ദീപ് സെയ്‌നി, ഹസരംഗ, ടിം ഡേവിഡ് എന്നിവര്‍ക്ക് പകരം ഷഹ്‌ബാസ് അഹമ്മദും ഡാനിയേല്‍ ക്രിസ്റ്റ്യനും കെയ്‌ല്‍ ജാമീസണും പ്ലേയിംഗ് ഇലവനിലെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(ക്യാപ്റ്റന്‍), ദേവ്‌ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എ ബി ഡിവില്ലിയേഴ്‌സ്, ഷഹ്‌ബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കെയ്‌ല്‍ ജാമീസണ്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

click me!