ഐപിഎല്‍: ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി നരെയ്ന്‍, കൊല്‍ക്കത്തക്ക് 139 റണ്‍സ് വിജയലക്ഷ്യം

Published : Oct 11, 2021, 09:17 PM IST
ഐപിഎല്‍:  ബാംഗ്ലൂരിനെ കറക്കി വീഴ്ത്തി നരെയ്ന്‍, കൊല്‍ക്കത്തക്ക് 139 റണ്‍സ് വിജയലക്ഷ്യം

Synopsis

പത്താം ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ശ്രീകര്‍ ഭരതിനെ(9) പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ നരെയ്ന്‍ തന്‍റെ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും(33 പന്തില്‍ 39), മൂന്നാം ഓവറില്‍ എ ബി ഡിവില്ലിയേഴ്സിനെയും(11), നാലാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(13) വീഴ്ത്തി ബാംഗ്ലൂരിന് കടിഞ്ഞാണിട്ടു.  

ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ(Royal Challengers Bangalore)കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ പവര്‍ പ്ലേയില്‍ 53 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് വരിഞ്ഞു മുറുക്കിയതോടെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുങ്ങി. 33 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 21 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.

തുടക്കത്തില്‍ മിന്നി കോലിയും പടിക്കലും,

ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ ആത്മിവശ്വാസസത്തോടെയാണ് കോലിയും പടിക്കലും തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ കോലി രണ്ടാം ഓവര്‍ എറിഞ്ഞ ശിവം മാവിയുടെ അവസാന രണ്ട് പന്തിലും ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി. പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ കുതിക്കുന്നതിനിടെ ദേവ്ദത്ത് പടിക്കലിനെ ബൗള്‍ഡാക്കി ഫെര്‍ഗുസന്‍ ബാംഗ്ലൂരിന് ബ്രേക്കിട്ടു.

കറക്കി വീഴ്ത്തി നരെയ്ന്‍

പടിക്കല്‍ വീഴുകയും സ്പിന്നര്‍മാര്‍ കളം പിടിക്കുകയും ചെയ്തോടെ സ്കോറിംഗ് വേഗം കൂട്ടാനാകാതെ ബാംഗ്ലൂര്‍ വലഞ്ഞു.പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെടുത്ത ബാംഗ്ലൂര്‍ പത്താം ഓവറില്‍ 70 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. പത്താം ഓവറില്‍ കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ശ്രീകര്‍ ഭരതിനെ(9) പുറത്താക്കി വിക്കറ്റ് വേട്ട തുടങ്ങിയ നരെയ്ന്‍ തന്‍റെ രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും(33 പന്തില്‍ 39), മൂന്നാം ഓവറില്‍ എ ബി ഡിവില്ലിയേഴ്സിനെയും(11), നാലാം ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(13) വീഴ്ത്തി ബാംഗ്ലൂരിന് കടിഞ്ഞാണിട്ടു. പത്താം ഓവറില്‍ 70ല്‍ എത്തിയ ബാംഗ്ലൂര്‍ 14ാം ഓവറിലാണ് 100 കടന്നത്.

അവസാന ആറോവോറില്‍ 38 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് കൂട്ടിച്ചേര്‍ക്കാനായത്. അവസാന ഓവറില്‍ 12 റണ്‍സടിച്ച ഹര്‍ഷല്‍ പട്ടേലും ഡാന്‍ ക്രിസ്റ്റ്യനും ചേര്‍ന്നാണ് ബാംഗ്ലൂരിനെ ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പൊതുതാവുന്ന സ്കോറിലേക്ക് നയിച്ചത്. കൊല്‍ക്കത്തക്കായി നരെയ്ന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റെടുത്തു.

ലീഗിലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയത്. കൊല്‍ക്കത്ത ടീമില്‍ സൂപ്പര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനെ തന്നെ ടീമില്‍ നിലനിര്‍ത്തി. സുനില്‍ നരെയ്നും ലോക്കി ഫെര്‍ഗൂസനും ഓയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്ത ടീമിലെ മറ്റ് വിദേശ താരങ്ങള്‍.

ബാംഗ്ലൂര്‍ ടീമില്‍ പേസര്‍ കെയ്ല്‍ ജയ്മിസണ്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡാന്‍ ക്രിസ്റ്റ്യനെ തന്നെ നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ തിരുമാനിക്കുകയായിരുന്നു. ജോര്‍ജ് ഗാര്‍ട്ടണ്‍, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവരാണ് ബാംഗ്ലൂര്‍ ടീമിലെ വിദേശ താരങ്ങള്‍.  ലീഗ് ഘട്ടത്തില്‍ രണ്ടുതവണ പരസ്പരം ഏറ്റു മുട്ടിയപ്പോള്‍ കൊല്‍ക്കത്തക്കായിരുന്നു ജയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍