
ഷാര്‍ജ: ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ (Chennai Super Kings) ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിട്ടും വമ്പന്‍ സ്കോര്‍ നേടാനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore). ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലൊതുങ്ങി.
ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli)യുടെയും ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും(Devdutt Padikkal) അര്‍ധസെഞ്ചുരികളുടെ മികവില്‍ 11.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സ് പിന്നിട്ട ബാംഗ്ലൂരിന് പിന്നീടുള്ള ഒമ്പതോവറില്‍ 55 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 50 പന്തില്‍ 70 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. വിരാട് കോലി 41 പന്തില്‍ 53 റണ്‍സെടുത്തു. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
പവര്‍പ്ലേയില്‍ അടിച്ചുപൊളിച്ച് കോലിയും പടിക്കലും
ദീപക് ചാഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ ഹേസല്‍വുഡിന്‍റെ രണ്ടാം ഓവറില്‍ അഞ്ച് റണ്ണെടുത്തു. ചാഹര്‍ എറിഞ്ഞ മൂന്നാ ഓവറിലും അടി തുടര്‍ന്ന കോലിയും പടിക്കലും 10 റണ്‍സടിച്ചു. ഹേസല്‍വുഡിനെ നാലാം ഓവറില്‍ സിക്സിന് പറത്തിയ പടിക്കല്‍ എട്ട് റണ്‍സാണ് ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ കോലിയും സിക്സിന് പറത്തി. പവര്‍ പ്ലേയില്‍ ജഡേജയെറിഞ്ഞ ആദ്യ ഓവറില്‍ ബാംഗ്ലൂര്‍ ഒമ്പത് റണ്‍സടിച്ചു.
കോലി വീണതിന് പിന്നാലെ ബാംഗ്ലൂര്‍ മുടന്തി
പതിനൊന്നാം ഓവറില്‍ 100 പിന്നിട്ട ബാംഗ്ലൂരിന് പതിനാലാം ഓവറില്‍ 111ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ വിരാട് കോലിയെ നഷ്ടമായി. മടങ്ങി. പിന്നീടെത്തിയ എ ബി ഡിവില്ലിയേഴ്സ്(11 പന്തില്‍ 12), ഗ്ലെന്‍ മാക്സ്‌വെല്‍(11), ടിം ഡേവിഡ്(1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ 200 രണ്‍സ് ലക്ഷ്യമിട്ട ബാംഗ്ലൂര്‍ 156ല്‍ ഒതുങ്ങി. ആദ്യ 10 ഓവറില്‍ 11 ബൗണ്ടറികള്‍ നേടിയ ബാംഗ്ലൂരിന് അവസാന 10 ഓവറില്‍ ആകെ നേടാനായത് അഞ്ച് ബൗണ്ടറികള്‍ മാത്രം.
ചെന്നൈക്കായി നാലോവറില്‍ 24 രമ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത ഡ്വയിന്‍ ബ്രാവോയും നാലോവറില്‍ 29 റണ്‍സിന് രമ്ട് വിക്കറ്റെടുത്ത ശര്‍ദ്ദുല്‍ ഠാക്കൂറും ബൗളിംഗില്‍ തിളങ്ങി. മുംബൈക്കെതിരായ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങിയത്. ബാംഗ്ലൂര്‍ ടീമില്‍ മലയാളി താരം സച്ചിന്‍ ബേബിക്ക് പകരം നവദീപ് സെയ്നിയും കെയ്ല്‍ ജയ്മിസണ് പകരം ടിം ഡേവിഡും അന്തിമ ഇലവനിലെത്തി. കനത്ത പൊടിക്കാറ്റ് വീശിയത് മൂലം മത്സരത്തിന്‍റെ ടോസ് അര മണിക്കൂര്‍ വൈകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!